മുളകുപൊടിയൊഴികെ ബാക്കിയെല്ലാം കുടിച്ചുനോക്കിയിട്ടും കൊവിഡ് വന്നു, മൂന്നാഴ്ചയില്‍ കൂടുതല്‍ ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ അവസാനം കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; ഒരു അതിജീവന കഥ

അബുദാബി: ഗള്‍ഫ്‌നാടുകളിലും പടര്‍ന്നുപിടിച്ച കൊവിഡ് ഇതിനോടകം നിരവധി പ്രവാസി മലയാളികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. കൊവിഡിനോട് പൊരുതി പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുമെല്ലാം ഗള്‍ഫ് രാജ്യങ്ങള്‍ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് ഭീതിയില്‍ നിന്ന് പ്രവാസി മലയാളികള്‍ പതിയെ കരകയറുകയാണ് ഇപ്പോള്‍. ഒഴിയാബാധയായി പിന്തുടരുന്ന കോവിഡിനൊപ്പം മനോബലത്തോടെ ജീവിക്കാന്‍ അവര്‍ ഏറെക്കുറെ പഠിച്ചു കഴിഞ്ഞു. വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായ പരിചരണത്തിലൂടെ രോഗമുക്തി തേടുകയാണ് മലയാളികള്‍.

ഭര്‍ത്താവിന് കോവിഡ് പിടിപെട്ടപ്പോള്‍ മനസാന്നിധ്യം കൈവിടാതെ ജീവിച്ചതിനെ കുറിച്ചും, ഒടുവില്‍ കൊറോണ തോറ്റ് പിന്‍മാറിയ അനുഭവവും പങ്കുവച്ചിരിക്കുകയാണ് യുഎഇയിലുള്ള ഹോം ബേക്കറായ നെബു ഹംസു. നെബു എഴുതിയ കുറിപ്പ് ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ്.

നെബു ഹംസു എഴുതിയ കുറിപ്പ് വായിക്കാം;

കുഞ്ഞിക്കയും കോവിഡും

ഇത്തിരി നേരത്തേ കിടന്ന ദിവസായിരുന്നു. ഉറക്കം കണ്ണുകളെ തഴുകിത്തുടങ്ങിയിരുന്നു. അസമയത്ത് കുഞ്ഞിക്കാടെ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടു ഞെട്ടിയുണര്‍ന്നു. ‘ഇപ്പാതിരാക്കോ. ഫോണെടുത്ത കുഞ്ഞിക്കാടെ ചോദ്യം. എന്തേ കുഞ്ഞിക്കാ.. സന്ദേഹത്തോടെ ഞാന്‍ ചോദിച്ചു. കോവിഡ് ടെസ്റ്റ് ഉണ്ടത്രേ. ഇപ്പാതിരാക്കോ അതേ ചോദ്യം ഞാനും ആവര്‍ത്തിച്ചു. സമയം ഒരുമണിയോടടുത്തിരുന്നു. കുഞ്ഞിക്ക കന്തൂറയും എടുത്തിട്ട് ധൃതിയില്‍ പോയി.തിരിച്ചുവരുവോളം വല്ലാത്ത ആശങ്ക.

ആര്‍ക്കെങ്കിലും എന്തെങ്കിലും? മനസ്സില്‍ ദുഷ്ചിന്തകള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. പ്രാര്‍ഥനാ നിരതമായി മനസിനെ ശാന്തമാക്കി സമയം തള്ളിനീക്കി. അരമണിക്കൂറിനുള്ളില്‍ കുഞ്ഞിക്ക തിരിച്ചെത്തി. അതെ കോവിഡ് ടെസ്റ്റിന് തന്നെയായിരുന്നു. മുഴുവന്‍ ജോലിക്കാരേയും ടെസ്റ്റ് ചെയ്തു, ഓരോരുത്തരെയായി വിളിച്ചപ്പോള്‍ സമയം വൈകിയതാ .ഇനിയും ആളുകളുണ്ടത്രേ ഹാവൂ സമാധാനമായി, ആഴ്ച്ച തോറും നടത്തിവരാറുള്ള ആചാരം പതിവുപോലെ പിറ്റേന്ന് ഡ്യൂട്ടിക്ക് പോയ കുഞ്ഞിക്ക പതിവിലും നേരത്തെ മ്ലാനമായ മുഖത്തോടെ തിരിച്ചെത്തി.

റിസല്‍ട്ട് വന്നു, ചെറിയ പ്രശ്‌നമുണ്ടത്രെ, കോവിഡ് പോസിറ്റീവ് ആണ് . ഉള്ളൊന്നു ആന്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ നിന്നു. അത് സാരല്ല്യാ, കുഞ്ഞിക്കാ… നമ്മളിതെന്നും പ്രതീക്ഷിച്ചിരിക്കുന്നതല്ലേ. കുഞ്ഞിക്കാടെ കൈകള്‍ മുറുകെ പിടിച്ചു ചുണ്ടില്‍ ചിരി വരുത്താന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ ചതിച്ചു.

അത് മറയ്ക്കാന്‍, ഞാന്‍ ഫുഡ് എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു. അല്ലാ, ഞാന്‍ മേലെ നിലയില്‍ ഇരുന്നോളാം ‘മോനുള്ളതല്ലേ, അല്ലെങ്കില്‍ കോവിഡ് സെന്ററിലേക്ക് പോകാം. (ഞങ്ങളുടെ ഇളയ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി റിഹാന്‍. മൂത്ത മകന്‍ മഹാതിര്‍ മുഹമ്മദ് രണ്ടു ദിവസം മുമ്പ് അബുദബിയിലുള്ള സഹോദരന്റെ വീട്ടില്‍ പോയി അവിടെ കുടുങ്ങി)’ അത് വേണ്ട കുഞ്ഞിക്കാ. മോന്‍ ഓണ്‍ലൈന്‍ ക്ലാസും മറ്റുമായി മിക്കവാറും മേലെത്തന്നെയല്ലേ. അവന് വേണ്ടത് അവിടെ എത്തിക്കാം. കുഞ്ഞിക്ക എവിടേം പോകണ്ട…പോകുമ്പോ നമ്മക്ക് ഒരുമിച്ചു പോകാന്നേ, എവടക്ക്യാണെങ്കിലും. ഞാന്‍ ചിരിച്ചുകൊണ്ട് ഭക്ഷണമെടുക്കാനാരംഭിച്ചു. ഒരാള്‍, അത് പനിയാണെങ്കില്‍ പോലും മുറിയില്‍ അടച്ചുപൂട്ടി ഇരിക്കേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ഇതിപ്പോ ദിവസങ്ങളോളം ന്റെ റബ്ബേ ന്നാലും. കുഞ്ഞിക്കാക്ക് ഇതെങ്ങനെ…? രോഗ ലക്ഷണങ്ങളൊന്നുമില്ലല്ലോ, ഒരു ജലദോഷം പോലും.

മാസ്‌കും ഗ്ലൗസ് മില്ലാതെ പുറത്തിറങ്ങാറില്ല, ജോലിസ്ഥലത്തേക്ക് കേറുന്നതിനു മുന്‍പേ സാനിറ്റൈസ് ചെയ്യുന്നു, തെര്‍മല്‍ ചെക്കിങ്ങും. വീട്ടിലേക്കു കയറുന്നതിനുമുമ്പേ ഗ്ലൗസും മാസ്‌കും പുറത്തെ വേസ്റ്റ് ബിന്നില്‍ ഇട്ട്, ഡെറ്റോള്‍ സ്‌പ്രേ ചെയ്ത് മാറ്റില്‍ ചെരുപ്പ് പുറത്തു വച്ചേ വീട്ടിലേക്കു കയറൂ. മൂന്നു മാസത്തിനിടക്ക് മൂന്നോ നാലോ തവണ മാത്രമേ പുറത്തുപോയിട്ടുള്ളു. അന്നൊക്കെ ഇട്ടിരുന്ന ഡ്രസ്സ് സോപ്പില്‍ മുക്കിവക്കും. ഗ്രോസറികളെല്ലാം പരമാവധി സാനിറ്റൈസ് ചെയ്തും കഴുകിയും ഉപയോഗിച്ചു.

സോഷ്യല്‍ മീഡിയയില്‍ കാണാറുള്ള ഹോം റെമഡി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എല്ലാം കലക്കിക്കുടിച്ചു (മുളക് പൊടിയൊഴികെ). ചൂടുവെള്ളമല്ലാതെ ഈ കൊടും ചൂടിലും കുടിച്ചിരുന്നുമില്ല. എന്നിട്ടും, ചിലപ്പോള്‍ റോങ്ങ് റിപ്പോര്‍ട്ട് ആവുമോ? ങാ.. വരാനുള്ളത് വഴിയില്‍ തങ്ങില്ല; ഞാന്‍ ആത്മഗതം നടത്തി സ്വയം ആശ്വസിച്ചു. രണ്ട് ദിവസം കഴിഞ്ഞു ലക്ഷണങ്ങള്‍ പുറത്തു വരാന്‍ തുടങ്ങി. ശരീരവേദന, മണം നഷ്ടപ്പെടുക, തൊണ്ടവേദന… സഹപാഠിയും ഹോമിയോ ഡോക്ടറുമായ സുബൈറിനെ വിളിച്ചു വിവരം പറഞ്ഞു. ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാം. നീയത് കുഞ്ഞിക്കാനോട് ചോദിച്ചു വോയ്സ് മെസ്സേജ് അയക്കൂ. എന്നിട്ട് കുഞ്ഞിക്കയോട് വിളിക്കാന്‍ പറയൂന്നു പറഞ്ഞു.

ഹോമിയോ മരുന്ന് കഴിച്ച് ട്രീറ്റ്‌മെന്റ് എടുത്ത പേഷ്യന്‍സിന് ആശ്വാസമായ വിവരവും പറഞ്ഞ് എനിക്ക് അവന്‍ ആത്മ ധൈര്യം പകര്‍ന്നു. നിര്‍ദേശമനുസരിച്ച് മരുന്ന് വാങ്ങി കഴിക്കാന്‍ തുടങ്ങി രോഗപ്രതിരോധത്തിനായി ഞങ്ങള്‍ക്കും മെഡിസിന്‍ ഉണ്ടായിരുന്നു. കുഞ്ഞിക്കയും ഞാനും അകലം പാലിച്ച് ജീവിച്ചു. ടീവിയിലെ ന്യൂസ് ചാനല്‍ മാറി മാറി കണ്ടു കൊണ്ടിരുന്ന കുഞ്ഞിക്കാനെ കോമഡി ചാനലിലേക്കു വഴിതിരിച്ചു വിട്ടു. (പിറ്റേന്ന് പരീക്ഷക്ക് ഏത് ചാനലില്‍ നിന്നാണ് ചോദ്യം വരാന്നറിയില്ലാന്ന് ഉള്ള തരത്തിലാണ് അത് വരെ എന്റെ ഭര്‍ത്താവ് ന്യൂസ് ചാനല്‍ കണ്ടിരുന്നത്). നാട്ടിലേക്ക് ഉമ്മാനെ വിളിച്ചും, സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്ത്വനമായുള്ള വിളികളും അവശ്യ സാധനങ്ങളും ഭക്ഷണവും മറ്റുമായി അയല്‍വാസികളും സഹോദരങ്ങളും ചേര്‍ത്തു പിടിച്ചു. അങ്ങിനെ മൂന്നാഴ്ചയില്‍ കൂടുതല്‍. ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ എന്നെയും മോനെയും ഗൗനിക്കാതെ കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി.

Exit mobile version