രോഗലക്ഷണങ്ങളോടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു, 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം ആലുവയില്‍

ആലുവ: കോവിഡ് രോഗിയായ ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലാണ് സംഭവം. കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

കോവിഡ് രോഗി പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. രോഗലക്ഷണമുള്ള സമയത്താണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. പിന്നാലെയാണ് ഇയാളുടെ 12 ബന്ധുക്കളുടെയും പരിശോധനാഫലം പോസിറ്റീവായത്.

അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ചടങ്ങില്‍ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പരിശോധന തുടരുകയാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

’99 ശതമാനം ആളുകളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. അതിനു തയ്യാറാകാത്ത ഒരു ശതമാനം ആളുകള്‍ സമൂഹത്തിന് വിപത്തായി മാറുകയാണ്. എല്ലാവരും സഹകരിച്ചാലേ നിയന്ത്രണങ്ങള്‍ ഫലം ചെയ്യൂ. ഓരോരുത്തരും അതിനു തയ്യാറാകണം’ – എസ്പി കൂട്ടിച്ചേര്‍ത്തു.

Exit mobile version