‘വാരിയംകുന്നന്‍’: ചരിത്രസിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാഗം സംഘ്പരിവാര്‍ കമന്റുകളും.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആഷിഖ് അബുവും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ സമൂഹമധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സിനിമയെപ്പറ്റിയുള്ള അനൗണ്‍സ്മന്റ് പങ്കുവച്ച പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.;- ഇങ്ങനെയായിരുന്നു പൃഥ്വിയുടെ കുറിപ്പ്.

‘സുകുമാരന്‍ എന്ന മഹാനായ നടന്റെ മകനാണോ താങ്കള്‍?’ എന്നാണ് ചിലരുടെ ചോദ്യം. ‘നാളെ ചിലപ്പോള്‍ മുംബൈ ഭീകരാക്രമണം നടത്തിയ നടത്തിയ കസബിനെ നായകനാക്കി വരെ സിനിമയെടുക്കും’ എന്ന് മറ്റൊരു കമന്റ്. ആഷിഖ് അബുവും പൃഥ്വിരാജും കൂടി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്.

പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. അതേസമയം ബിജെപി നേതാക്കളും പൃഥ്വിരാജിനെതിരെ രംഗത്തുണ്ട്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നാണ് ബിജെപി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബിജെപി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത് എത്തി. ചിത്രത്തിനെതിരെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ സമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയ ആലി മുസ്‌ല്യാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്.

Exit mobile version