കേരളത്തെ ലോകത്തിന് തന്നെ മാതൃകയാക്കാം, പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ കൊറോണയെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി കാണിച്ചുതന്നു, കെകെ ശൈലജയെ അഭിനന്ദിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി

തിരുവനന്തപുരം: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ പലതും പരാജയത്തിന്റെ പാതയിലാണ്. എന്നാല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞ് കേരളമെന്ന കൊച്ചുസംസ്ഥാനം ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

കൊറോണ പ്രതിരോധത്തിലെ കേരള മോഡലിനെയും സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രിയെയുമൊക്കെ പ്രശംസിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.

പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കൊറോണയെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃകയായെന്നാണ് വിക്രമസിംഗെ പറയുന്നു. ആരോഗ്യമന്ത്രിക്ക് അയച്ച കത്തിലാണ് കെകെ ശൈലജയെ അദ്ദേഹം അഭിനന്ദിച്ചത്.

മെയ് 18നാണ് വിക്രമസിംഗെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ലോകമാകെ ഭീതി വിതയ്ക്കുന്ന കൊറോണയെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കൊറോണ പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കൊറോണ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തില്‍ റനില്‍ വിക്രമസിംഗെ വ്യക്തമാക്കുന്നു. കൊറോണ പ്രതിരോധത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന് പ്രശംസയുമായി നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസണ്‍ ഹിക്കലും രംഗത്തെത്തിയിരുന്നു.

കൊറോണയെ നേരിടുന്നതില്‍ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതില്‍ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വാഴ്ത്തിയ അദ്ദേഹം ട്വിറ്ററില്‍ ഗ്രാഫ് സഹിതം ട്വീറ്റ് ചെയ്തു.

Exit mobile version