രക്ഷയില്ലാതെ കമലഹാസനും; മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

എന്‍ രാജേന്ദ്രന്‍, ടി രവി, എസ് സുകന്യ എന്നീ നേതാക്കളാണ് എംഎന്‍എം വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറിയത്.

ചെന്നൈ: ബിജെപിയിലേയ്ക്കുള്ള ചേക്കേറ്റത്തില്‍ രക്ഷയില്ലാതെ കമല്‍ഹാസന്റെ പാര്‍ട്ടിയും. താരം അധ്യക്ഷനായി ഇരിക്കുന്ന മക്കള്‍ നീതി മയ്യത്തില്‍ നിന്ന് മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച മൂന്ന് പേരാണ് കേന്ദ്രമന്ത്രി പന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

എന്‍ രാജേന്ദ്രന്‍, ടി രവി, എസ് സുകന്യ എന്നീ നേതാക്കളാണ് എംഎന്‍എം വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറിയത്. ബിജെപി സംസ്ഥാന സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്‍ രാജേന്ദ്രന്‍ ആരക്കോണം ലോക്സഭ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ടി രവി ചിദംബരത്ത് നിന്നും എസ് സുകന്യ കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ചത്.

2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം രൂപീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി ആകെ 3.72 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. സംഘടന സംവിധാനത്തെ പുതുക്കി പണിത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എംഎന്‍എം. ഈ സാഹചര്യത്തിലാണ് തിരിച്ചടിയെന്നോണം മൂന്ന് പ്രധാനപ്പെട്ട നേതാക്കള്‍ പാര്‍ട്ടി വിട്ടത്.

Exit mobile version