ശബരിമല വിഷയം; വിധി നടപ്പിലാക്കാന്‍ സാവകാശം നേടുന്ന കാര്യം ആലോചിക്കും; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡിന് കടമയുണ്ട്.

ശബരിമല: യുവതി പ്രവേശന വിഷയത്തില്‍ വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെടുന്ന കാര്യം ആലോചനയിലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

സുപ്രീം കോടതിയാണ് യുവതീ പ്രവേശം അനുവദിക്കുന്ന വിധി പുറപ്പെടുവിച്ചത്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡിന് കടമയുണ്ട്. അക്കാര്യങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുമായി ആലോചിച്ച ശേഷമായിരിക്കും സാവകാശം തേടുന്നതിനെ കുറിച്ച് തീരുമാനത്തിലെത്തുക എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

കോടതിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ നിയമവശങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വിഷയത്തില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതേകുറിച്ച് ചര്‍ച്ച ചെയ്യണം. തിങ്കളാഴ്ച നിയമവശങ്ങള്‍ അറിഞ്ഞശേഷം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കും. ദേവസ്വം ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

Exit mobile version