വയനാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ ശബരിമല നിലപാട് എന്തായിരിക്കും?

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം ആദ്യം മുതല്‍ക്കേ ഉറച്ചു നിന്നത് കോണ്‍ഗ്രസ് ആണെന്നാണ് ചെന്നിത്തലയുടെ അവകാശവാദം.

ശബരിമല ഇപ്പോള്‍ തീര്‍ത്ഥാടന കേന്ദ്രമല്ല. കേരളത്തില്‍ രണ്ട് മുന്നണികളുടെ വോട്ടന്വേഷണ കേന്ദ്രമാണ്. സബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ വിധി പറഞ്ഞ സുപ്രീംകോടതി ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു കക്ഷിയേ അല്ലാതായിത്തീര്‍ന്നിരിക്കുന്നു. എന്തായാലും ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വാസികളെ സംസ്ഥാന സര്‍ക്കാരിനും അതുവഴി എല്‍ ഡി എഫിനും എതിരെ തിരിച്ച് തങ്ങള്‍ക്കനുകൂലമായി വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് യു ഡി എഫും എന്‍ ഡി എയും സ്വീകരിച്ചിട്ടുള്ള വഴി.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശവും മതപരവും വിശ്വാസസംബന്ധവുമായ വിഷയങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമവും ഒക്കെയുണ്ടെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് ഇരുമുന്നണികളും മുന്നോട്ടു പോവുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി മുതല്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാവട്ടെ പരസ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സീരീസില്‍ ഏറ്റവും ഒടുവിലത്തേത് കോണ്‍ഗ്രസ് നേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം ആദ്യം മുതല്‍ക്കേ ഉറച്ചു നിന്നത് കോണ്‍ഗ്രസ് ആണെന്നാണ് ചെന്നിത്തലയുടെ അവകാശവാദം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണത്തിനായി നിയമം പാസ്സാക്കുമെന്നും പറഞ്ഞിട്ടുണ്ട് ചെന്നിത്തല.

ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി കേസു കൊടുത്തത് ആര്‍ എസ് എസ് ബന്ധമുള്ള അഭിഭാഷകമാരാണെന്നും ആര്‍ എസ് എസിനും ബി ജെ പിക്കും ഒക്കെ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആ അഭിഭാഷകമാരെ കാര്യം പറഞ്ഞ് മനസ്സിലാക്കിയാല്‍ പോരായിരുന്നോ എന്നുമൊക്കെ ചെന്നിത്തല ചോദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഇരട്ടത്താപ്പിനെക്കുറിച്ചൊന്നും ആര്‍ക്കും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം പാളയത്തിലെ അഭിഭാഷകമാരെ ഇറക്കി കേരളം പിടിക്കാനായി ആര്‍ എസ് എസ് നടപ്പാക്കിയ ദീര്‍ഘകാല പദ്ധതിയും ആവാം ഇത്.

പക്ഷേ ഇവിടെ ചോദ്യം അങ്ങനെയുള്ള സംശയമില്ലാത്ത കാര്യങ്ങളെക്കുറിച്ചല്ല. രമേശ് ചെന്നിത്തല പറഞ്ഞ ചില കാര്യങ്ങളിലെ അവ്യക്തത സംബന്ധിച്ചാണ്. ശബരിമല വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടെന്താണ്? അറിയാവുന്നിടത്തോളം അത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നു തന്നെയാണ്. പിന്നീട് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ ആവശ്യപ്രകാരം അദ്ദേഹം സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് നിലപാടെടുക്കാന്‍ സംസ്ഥാന ഘടകത്തിന് അനുവാദം നല്‍കുകയായിരുന്നു. ഇതൊന്നും മറ്റാരും പറഞ്ഞതല്ല. ചെന്നിത്തലയും അദ്ദേഹത്തിന്റെ ദേശീയ അദ്ധ്യക്ഷനും മറ്റ് നേതാക്കളുമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.

ഇനി മറ്റൊരു ചോദ്യം കൂടിയുണ്ട്. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥി ആരാണ്? അറിഞ്ഞിടത്തോളം അത് നേരത്തെ പറഞ്ഞ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ നേതാവ് കേരളത്തിലെ പാനലിനെ നയിക്കുമ്പോള്‍ പിന്നെ താങ്കള്‍ സംസാരിക്കുന്നത് ഏത് ശബരിമലയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവേ? കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ്? താങ്കള്‍ തന്നെ പറഞ്ഞിട്ടുള്ളതനുസരിച്ച് അത് രാഹുല്‍ ഗാന്ധിയാണ്. അതായത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയാവുക. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചയാള്‍ പ്രധാനമന്ത്രിയായാല്‍ എങ്ങനെയാണ് അതിനെതിരെ നിയമനിര്‍മാണം നടത്തുക? വയനാട് ചുരം കയറുമ്പോള്‍ ശബരിമല വിഷയത്തില്‍ താങ്കള്‍ നിലപാട് മാറ്റുമോ അതോ ചുരമിറങ്ങി പുറത്തേക്ക് കടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിലപാട് മാറ്റുമോ? ഈ മഴയില്ലാക്കാലത്ത് ആശയക്കുഴപ്പങ്ങളുടെ പെരുമഴ തന്നെയാണല്ലോ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ താങ്കള്‍ തന്നത്.

Exit mobile version