ശബരിമല വിഷയത്തില്‍ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. ചങ്ങനാശേരിക്കാരന്‍, തമ്പുരാന്‍, തന്ത്രി എന്നീ മൂന്നുപേര്‍ക്ക് വേണ്ടിയായിരുന്നു മണ്ഡല കാലത്തിലെ ബഹളമെന്ന് അദ്ദേഹം പറയുന്നു. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയുമായി ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ നേര്‍ച്ചയിടരുതെന്ന് ഒരു അവര്‍ണ്ണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. അമ്പലങ്ങളില്‍ സവര്‍ണ്ണാധിപത്യമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. വിധി നടപ്പാക്കിയില്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ തന്നെ പറയുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി സര്‍ക്കാര്‍ ശബരിമലയ്ക്കായി 800 കോടിയാണ് നല്‍കിയത്. 18 കൊല്ലം മുമ്പ് പിന്നോക്ക, പട്ടിക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോര്‍ഡിനോട് സമരംചെയ്തു. അന്ന് ഒരു സവര്‍ണ്ണനും, രാഷ്ട്രീയക്കാരനും ഒപ്പംനിന്നില്ല. ഇന്ന് അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി 20,000 ആളുകള്‍ ജോലിചെയ്യുന്നു. അതില്‍ 96 ശതമാനവും സവര്‍ണരാണ്. ഈഴവ വിഭാഗം 3.5 ശതമാനം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം ഒരു പ്രത്യേകവിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ചങ്ങനാശേരിക്കാരന്‍ ഇടപെട്ടാണ് താക്കോല്‍ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Exit mobile version