ഞങ്ങളുടേത് പ്ലസ്‌വൺ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലിൽ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വർഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്

തിരുവനന്തപുരം: ഇസ്രായേലിൽ വെച്ച് കൊല്ലപ്പെട്ട സൗമ്യ സന്തോഷിനും കുടുംബത്തിനും എതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശം കൂടുതൽ വിവാദത്തിലേക്ക്. ഇസ്രയേലിൽ വച്ച് താൻ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തെറ്റാണെന്നും വർഗീയത വളർത്തുന്ന രീതിയിലുള്ള പമാർശമാണുണ്ടായതെന്നും സൗമ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.

‘ഞങ്ങളുടേത് പ്ലസ് വണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലിൽ വെച്ച് മരിക്കുന്നത്. സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേർന്ന് പള്ളിയിൽ വെച്ചാണ് വിവാഹം കഴിച്ചത്. വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നുമുണ്ടായത് വർഗീയത വളർത്താനുള്ള രീതിയിലുള്ള പരാമർശമാണ്’- സന്തോഷ് പറഞ്ഞു.

പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ടയാളായിരുന്നു എന്നാൽ സംസ്‌കാരം നടന്നത് പള്ളിയിൽ വെച്ചാണെന്നും ചില ക്രിസ്ത്യൻ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ ആരോപണം.

സൗമ്യയുടെ മരണത്തെ തുടർന്നുള്ള ഇസ്രയേൽ ഗവണ്മെന്റിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നും സൗമ്യയുടെ കുടുംബത്തിന് ഒന്നും നൽകിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം.

ഇത് തെറ്റാണെന്ന് വിശദീകരിച്ച സന്തോഷ് സൗമ്യയുടെ മാതാപിതാക്കൾക്കും ഇസ്രായേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും വിശദീകരിച്ചു. അതേ സമയം ഇതിൽ സൗമ്യയുടെ മാതാപിതാക്കൾ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Exit mobile version