സാമൂഹികമായ പിന്നോക്കാവസ്ഥ മാറാൻ നല്ല വിദ്യാഭ്യാസവും അതിനനുസരിച്ച ജോലിയും യാഥാർത്ഥ്യമാകണം: മന്ത്രി എകെ ബാലൻ

പട്ടികവർഗ വികസന വകുപ്പ് ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതി പോലെ നൂതന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.

കൊച്ചി: സാമൂഹികമായ പിന്നോക്കാവസ്ഥ മാറാൻ നല്ല വിദ്യാഭ്യാസവും അതിനനുസരിച്ച ജോലിയും യാഥാർത്ഥ്യമാക്കണമെന്ന് മന്ത്രി എകെ ബാലൻ.. കൊച്ചിയിൽ ഗോത്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനവും മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പട്ടിക വർഗ്ഗത്തിനെ പിന്നോക്കാവസ്ഥയിലേക്ക് നയിച്ചതിലെ പ്രധാനകാരണം ആവശ്യംപോലെ ഭൂമിയുണ്ടായിരുന്ന കാലത്ത് ഇതരവിഭാഗം ഭൂമി കൈവശമാക്കിയതുപോലെ ഭൂമി സ്വന്തമാക്കാൻ പട്ടികവർഗക്കാർക്ക് കഴിയാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള ഭൂമിയിൽനിന്ന് കിട്ടുന്ന വരുമാനത്തിനപ്പുറം ലക്ഷ്യംവച്ചാണ് പട്ടികവർഗ വികസന വകുപ്പ് ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതി പോലെ നൂതന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ കലകളും പൈതൃകമായ കഴിവും പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഗോത്ര സാംസ്‌കാരിക സമുച്ചയം നൽകുന്നത്. നല്ല വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നതിന്റെ പ്രധാനകാരണം താമസസ്ഥലം ഇല്ലാതിരിക്കുന്നതാണ്. അതിന് പരിഹാരമായാണ് ഹോസ്റ്റലുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 7 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോത്രസമുദായങ്ങളുടെ പാരമ്പര്യ കലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും പാരമ്പര്യ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും വംശീയ ഭക്ഷണങ്ങളുടെ പ്രചരണത്തിനുമായി ഗദ്ദിക സാംസ്‌കാരികോത്സവം സർക്കാർ വിപുലമായി സംഘടിപ്പിക്കുന്നുണ്ട്. ആറ് മേളകൾ ഇതിനകം നടന്നുകഴിഞ്ഞു. രണ്ട് കോടിയോളം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഈ മേളകളിൽ വിറ്റുപോയത്. വലിയ സാമ്പത്തിക പിന്തുണയാണ് ഇതിലൂടെ പട്ടിക വിഭാഗങ്ങൾക്ക് ലഭിച്ചത്. ഗദ്ദിക വർഷത്തിൽ ഒന്നോ രണ്ടോ ആണ് നടത്തുക. അതിന് പകരം എല്ലാ ദിവസവും പ്രദർശനവും വിപണനവും നടത്താൻ കൊച്ചിയിലെ ഈ ഗോത്ര സാംസ്‌കാരിക സമുച്ചയത്തിലൂടെ സൗകര്യം ലഭിക്കുകയാണ്. അന്യംനിന്നുപോകുന്ന ഗോത്രകലാ രൂപങ്ങളും പാരമ്പര്യ അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാനുള്ള ഒരു സ്ഥിരംവേദിയായി ഈ സ്ഥാപനം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ ചടങ്ങിനിടെ കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനി നിവാസികൾ തങ്ങളുടെ തനത് കലാസൃഷ്ടിയും മന്ത്രിക്ക് സമ്മാനിച്ചു. നൈപുണ്യ വികസന പരിപാടി നടപ്പാക്കുന്ന ഏജൻസികളുമായുള്ള ധാരണാപത്രം ചടങ്ങിൽ മന്ത്രി കൈമാറി. വിദേശത്ത് ജോലി ലഭിച്ച പട്ടികവർഗ വിഭാഗത്തിലെ യുവാക്കൾക്കുള്ള വിസയും മറ്റു രേഖകളും കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. വകുപ്പിന്റെ പദ്ധതിയിലൂടെ പരിശീലനം സിദ്ധിച്ച യുവതീയുവാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.

മേയർ സൗമിനി ജയിൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. പിടി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെവിപി കൃഷ്ണകുമാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version