‘ആ പ്രചാരണം ഫേയ്ക്ക് ആണ്; ആളുകൾ അങ്ങനൊക്കെ പ്രചരിപ്പിച്ചാൽ നമ്മളിപ്പോ എന്ത് ചെയ്യാനാണ്’; നൗഷാദ് പുതിയ കട അടച്ചുപൂട്ടുന്നില്ല; വാർത്ത വ്യാജം

കട അടയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് നൗഷാദ് പറഞ്ഞു.

കൊച്ചി: പ്രളയത്തിലകപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിനിടെ സ്വന്തം കടയിൽ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങൾ സൗജന്യമായി നൽകി ജനമനസിലിടം പിടിച്ച നൗഷാദിനെ ചുറ്റിപ്പറ്റി വ്യാജവാർത്തകളും പ്രചരിക്കുന്നു. നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന സോഷ്യൽ മീഡിയയിലൂടെ വൻപ്രചാരം നേടിയ വാർത്ത വ്യാജമാണെന്ന് നൗഷാദ് തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. കട അടയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് നൗഷാദ് പറഞ്ഞു. സ്വകാര്യമാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

”മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യർ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാൾ മുമ്പ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാൻ കാരണം വളരെ മോശമായി കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട്പാത്ത് കച്ചവടം തന്നെ.”- അതുകൊണ്ട് കടച്ചുപൂട്ടുകയാണ് നൗഷാദ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

”ആ പ്രചാരണം ഫേയ്ക്ക് ആണ്. ആളുകൾ അങ്ങനൊക്കെ പ്രചരിപ്പിച്ചാൽ നമ്മളിപ്പോ എന്ത് ചെയ്യാനാണ്. അത് ഒരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ. പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകൾ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. അറിഞ്ഞിട്ട് സത്യമറിയാൻ ഒരുപാട് പേർ വിളിക്കുന്നുണ്ട്. അതൊരു വ്യാജപ്രചാരണമാണ്. ഞാനത് കാര്യമാക്കുന്നില്ല.”

”പലരും അവർക്ക് തോന്നിയ രീതിയിൽ പലതും പ്രചരിപ്പിക്കുകയാണ് തന്റെ ജ്യേഷ്ഠന് പ്രായമായി. ജ്യേഷ്ഠനാണ് ആ കടയിലിരിക്കുന്നത്. കോർപ്പറേഷൻ ബസാറിലായിരുന്നു ജ്യേഷ്ഠന്റെ പെട്ടിക്കട. അത് കോർപ്പറേഷൻ അവിടെ ഉണ്ടായിരുന്ന കടകളെല്ലാം പൊളിച്ചു കൊണ്ടുപോയി. ഇതോടെ ജ്യേഷ്ഠന് വേണ്ടിയാണ് പുതിയ കട എടുത്തത്.’ നൗഷാദ് പ്രതികരിക്കുന്നു. ഓരോരുത്തര് ഫേക്ക് ആയി ഇടുന്ന കാര്യങ്ങൾക്ക് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും നൗഷാദ് പറഞ്ഞു.

Exit mobile version