കുടുംബത്തെ തനിച്ചാക്കി ഭര്‍ത്താവ് കാണാമറയത്തേക്ക് പോയിട്ട് വര്‍ഷങ്ങള്‍; എങ്കിലും തളരാതെ ബിനിത പടുത്തുയര്‍ത്തിയത് 125കുട്ടികള്‍ക്ക് സംരക്ഷണ വലയം; ഇപ്പോള്‍ ഒരു കോടിയുടെ വിജയിയും!

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ സംഭവമാണ് ബിനീതയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്.

ഗുവാഹത്തി: കണ്‍മുന്നില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ ആട്ടിയോടിച്ച് വിജയതീരമടഞ്ഞ ആസാമിലെ വനിതയാണ് ബിനിത ജെയ്ന്‍. ഈ യുവതിയുടെ കഷ്ടപ്പാടിനും പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാന്‍ ഒടുവില്‍ ‘കോന്‍ ബനേഗാ കോര്‍പതി’ കനിയുകയായിരുന്നു. റിയാലിറ്റി ഷോ യില്‍ നിന്നും ഒരു കോടി രൂപ സ്വന്തമാക്കിയ ബിനിത ജെയിന്‍, ഈ മത്സരത്തിലേക്ക് കടക്കും മുന്‍പ് തന്നെ ജീവിതവിജയത്തിലേക്ക് നടന്നടുത്തു കഴിഞ്ഞിരുന്നു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ സംഭവമാണ് ബിനീതയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. അസമിലെ ഗുവാഹത്തിയില്‍ നിന്നും 2003 ല്‍ തന്റെ ജോലിയുടെ ഭാഗമായി യാത്ര ആരംഭിച്ച ബിനിതയുടെ ഭര്‍ത്താവ് ഇതുവരെ തിരികെ വന്നിട്ടില്ല. ഇതുവരെയും തിരികെ വരാത്ത തന്റെ ഭര്‍ത്താവ് തീവ്രവാദികളുടെ പിടിയിലാണെന്നാണ് ബിനിത പറയുന്നത്.

കാണാതായ ഭര്‍ത്താവിനായി ഏറെ തിരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ മുന്നിലെ അനിശ്ചിതത്വം എങ്ങനെ നീക്കണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനം ശ്രോതസ് ഭര്‍ത്താവിന്റെ വേതനമായിരുന്നു. അത് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലേക്ക് രണ്ടു പിഞ്ചുമക്കളടങ്ങിയ ആ കുടുംബം വീണുപോയി.

തന്റെ ഭര്‍ത്താവ് തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും ബിനിത, അവളുടെ ജീവിതത്തെ കെട്ടിപ്പടുക്കാന്‍ അവള്‍ ആരംഭിച്ചു. പ്രദേശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇംഗ്ലീഷും സോഷ്യല്‍ സയന്‍സും പഠിപ്പിക്കുന്ന അധ്യാപികയായി. പിന്നെ സ്വന്തമായി ഏഴ് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് നല്‍കാന്‍ തുടങ്ങി. തന്റെ മുന്നിലൂടെ കടന്നുപോയ ആ സമയത്തെ അവളുടെ നിശ്ചയദാര്‍ഢ്യത്താല്‍ കീഴടക്കി. ഏഴ് കുട്ടികളുമായി തുടങ്ങിയ സംരംഭത്തില്‍ ഇന്ന് നൂറ്റി ഇരുപത്തഞ്ചോളം കുട്ടികളാണ് പഠിക്കുന്നത്. റിയാലിറ്റി ഷോയിലെ വിജയിയാകുമ്പോഴും ബിനിതയുടെ ജീവിതവും പോരാട്ടവും ഓരോ സ്ത്രീകള്‍ക്കും പ്രചോദനമാകുകയാണ്.

Exit mobile version