വരള്‍ച്ചയും കോഴിത്തീറ്റയുടെ വില വര്‍ധനവും; തമിഴ്‌നാട്ടില്‍ നിന്ന് കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുന്നു

കോഴി തീറ്റയ്ക്ക് ചാക്കിന് 1700 രൂപ വരെയായി

പാലക്കാട്: കടുത്ത വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുകയാണ്. വരള്‍ച്ചയ്ക്ക് പുറമെ കോഴി തീറ്റയുടെ വില വര്‍ധിച്ചതുമാണ് കേരളത്തിലേക്ക് ഇറച്ചി കോഴികളെ കടത്തുന്നത.്

തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചി കോഴികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കിലോഗ്രാമിന് 52 രൂപയായിരുന്നു മൊത്തവില. അതേസമയം ഒരു കിലോ കോഴിയുടെ ചില്ലറ വില്‍പന വില 83 രൂപയ്ക്കാണ് നടന്നത്.

ജലക്ഷാമവും കോഴിത്തീറ്റ കുറഞ്ഞതും ഇവയുടെ വിലവര്‍ധിച്ചതും തങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നാണ് കോഴി കര്‍ഷകര്‍ പറയുന്നത്. കോഴി തീറ്റയ്ക്ക് ചാക്കിന് 1700 രൂപ വരെയായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 300 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോഴി തീറ്റയുടെ നിര്‍മ്മാണത്തിന് ആവശ്യമായ ചോളം, തിന എന്നിവയുടെ ലഭ്യത വരള്‍ച്ച മൂലം കുറഞ്ഞതും കുത്തക വ്യാപാര ശ്യംഖലകള്‍ ഇവ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയതുമാണ് കോഴി തീറ്റയുടെ വില വര്‍ധിക്കാനുള്ള കാരണം.

Exit mobile version