തൃശൂരില്‍ വന്‍ കള്ളപ്പണ വേട്ട: ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍

തൃശൂര്‍: തൃശൂരില്‍ വന്‍ കള്ളപ്പണ വേട്ട. ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബര്‍ണാഡ്, ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് വിദേശ നിര്‍മ്മിത പ്രിന്ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

അനുജനായ ജോണ്‍സണ്‍ ആണ് കള്ളനോട്ട് നിര്‍മ്മിച്ചിരുന്നത്. ചേട്ടന്‍ ബെന്നി ഇത് വിതരണം ചെയ്യും. ജോണ്‍സണ്‍ വീടിന് അടുത്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. മുമ്പ് കള്ളനോട്ട് കേസുകളില്‍ പ്രതികളായ സുഹൃത്തുക്കളില്‍ നിന്ന് സാങ്കേതിക വശങ്ങള്‍ മനസിലാക്കിയാണ് ജോണ്‍സണ്‍ വിദേശ നിര്‍മ്മിത പ്രിന്റര്‍ വാങ്ങി കള്ളനോട്ട് നിര്‍മ്മാണ് ആരംഭിച്ചത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് ബെന്നി പിടിയിലാകുന്നത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ 2000 രൂപയുടെ 9 കള്ള നോട്ടുകള്‍ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സഹോദരനായ ജോണ്‍സണ്‍ ആണ് കള്ളനോട്ട് നിര്‍മ്മിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജോണ്‍സണ്‍ പിടിയിലായത്.

ഇയാളുടെ വടുതലയിലെ വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. കള്ള നോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത പ്രിന്ററും മറ്റ് ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. അറസ്റ്റിലായ ബെന്നി 2005 ല്‍ പാലക്കാട് ഒരു ലോട്ടറി വില്‍പനക്കാരനെ കൊന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ്.

ആലപ്പുഴ, എറണാകുളം ,കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകള്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ കൊടുത്താല്‍ ഇരട്ടി കള്ളനോട്ടാണ് ഇവര്‍ തിരിച്ചു നല്‍കുകയെന്നും പോലീസ് പറഞ്ഞു.

Exit mobile version