കുഴല്‍പ്പണം ആരാണ് കൊണ്ടു വരാത്തത്, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ട് അവരുടേത് പിടിച്ചു; വെള്ളാപ്പള്ളി

ആലപ്പുഴ: കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരാറുണ്ട്, എന്നാല്‍, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് അവരുടേത് പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കുഴല്‍പ്പണം ഇവിടെ കൊണ്ടുവരാത്തവര്‍ ആരാണ് ഉള്ളത്. കോണ്‍ഗ്രസുകാര്‍ക്ക് എവിടെ നിന്നാണ് കാശ് കിട്ടുന്നത്, പലയിടത്ത് നിന്നും പലരും കൊണ്ടുകൊടുക്കുന്നതാണ്. അത് പിടിച്ചാല്‍ കുഴല്‍പ്പണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാര്‍ എവിടെ നിന്നാണ് പണം കൊണ്ടുവന്നതെന്ന് എനിക്കറിയാം. കോണ്‍ഗ്രസുകാര്‍ കുഴല്‍ അല്ലാതെ വേറെ വഴിയിലൂടെയാണ് കൊണ്ടുവന്നത്. മണ്ടന്മാരായത് കൊണ്ടാണ് ബി.ജെ.പിക്കാരുടെത് പിടിച്ചത്- വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യാ വരമ്പിലാണ്.കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വി.ഡി സതീശന് പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തില്‍ അദ്ദേഹം കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വി.ഡി വട്ടപൂജ്യമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Exit mobile version