ചെയര്‍മാന്‍ ആകണമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല: ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചു; ജോസ് കെ മാണി

കോട്ടയം: ചെയര്‍മാന്‍ ആകണമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി. പിളര്‍പ്പിന്റെ ഭാഗത്തല്ല താന്‍ നില്‍ക്കുന്നതെന്നും മാണിയെയും തന്നെയും അപമാനിക്കുന്ന നിലപാടാണ് പിജെ ജോസഫിന്റേതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും മാത്രമേ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെ കുറിച്ച് തീരുമാനമെടുക്കാനാവൂവെന്നും ആര്‍ക്കും സ്വയം പാര്‍ട്ടി അധ്യക്ഷനാകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സ്വയം ചെയര്‍മാനായി പ്രഖ്യാപിച്ച ശേഷം സമവായം പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്നും പിജെ ജോസഫിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.

തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമെ ഇനി യോഗം വിളിക്കൂവെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. മാണി വളര്‍ത്തിയ പാര്‍ട്ടിയില്‍ മകന്‍ തന്നെ ചെയര്‍മാന്‍ ആകണമെന്നില്ലെന്നും ജോസ് കെ മാണി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ജോസഫ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്.

പാര്‍ട്ടി സംസ്ഥാന സമിതി വിളിച്ച് ചേര്‍ക്കാന്‍ പിജെ ജോസഫിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ചെയര്‍മാനായി അംഗീകരിച്ചാലേ യോഗം വിളിക്കൂവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിജെ ജോസഫ്.

ജോസ് കെ മാണി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സമവായത്തിന് എതിര് നില്‍ക്കുന്നത് ജോസ് കെ മാണിയാണെന്നും പിജെ ജോസഫ് ആരോപിച്ചു. തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ യോഗം വിളിക്കുകയുള്ളൂ. അച്ഛന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാന്‍ ആണെന്നത് അംഗീകരിക്കാന്‍ കഴിയില്ല. കെഎം മാണിയുടെ നയങ്ങള്‍ക്കെതിരായാണ് ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നതെന്നും പിജെ ജോസഫ് ആരോപിച്ചിരുന്നു.

Exit mobile version