എല്ലുപൊടിയുന്ന കൈകളില്‍ ആത്മവിശ്വാസത്തിന്റെ പേനയെടുത്ത് ലത്തീഷ എത്തി; സിവില്‍ സര്‍വീസ് പരീക്ഷ എഴുതി

കോട്ടയം: വിധിയോട് പൊരുതി മുന്നേറുകയാണ് എരുമേലി സ്വദേശി ലത്തീഷ അന്‍സാരി. എല്ലുനിറുങ്ങുന്ന വേദനയിലും ലതീഷ നിശ്ചയദാര്‍ഢ്യത്തിന്റെ പേനയെടുത്ത് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് ആ 26 കാരി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ എത്തിയത് ഓക്‌സിജന്‍ സിലിണ്ടറുമായാണ്. തിരുവനന്തപുരം എല്‍ബിഎസ് കോളേജിലായിരുന്നു പരീക്ഷ.

ജന്മനാ തന്നെ ‘ബ്രിട്ടില്‍ ബോണ്‍ ഡിസോര്‍ഡര്‍’ എന്ന രോഗം ബാധിച്ച ലതീഷ ശ്വാസരോഗത്തിനും ചികിത്സയിലാണ്. അതിനാല്‍ തന്നെ പലപ്പോഴും ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമാണ്. എന്നാല്‍ പരീക്ഷ ഹാളില്‍ ഓക്‌സിജന്‍ സിലണ്ടര്‍ കയറ്റുവാന്‍ സാധിക്കുകയില്ല. ലത്തീഷയുടെ അവസ്ഥ ബോധ്യപ്പെട്ട കോട്ടയം ജില്ലാ കളക്ടര്‍ പി.ആര്‍ സുദീര്‍ ബാബു ഈ വിഷയത്തില്‍ ഇടപെടുകയും പരീക്ഷ ഹാളില്‍ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കുകയും ചെയ്തു. ലത്തീഷയുടെ സൗകര്യാര്‍ത്തം സൗജന്യമായി ചെറിയ ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കുകയും ചെയ്തു കളക്ടര്‍.

തന്നെപ്പോലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇതുവരെ സാധിക്കാത്ത കാര്യമാണ് താന്‍ ഇവിടെ ചെയ്യുന്ന് എന്നും അവര്‍ മുന്നോട്ട് വരാന്‍ വേണ്ടിയാണ് പരീക്ഷയ്ക്ക് എത്തിയതെന്നും ലത്തീഷ പറയുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുകയാണ് ലതീഷ. ഞായറാഴ്ച നടന്ന പരീക്ഷയില്‍ വിജയിക്കുമെന്ന വിശ്വാസത്തിലാണ് ഈ മിടുക്കി. തന്നെ പോലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് യുപിഎസ്‌സി കുറച്ച്കൂടി സൗകര്യങ്ങള്‍ ഒരുക്കണമെന്ന അഭിപ്രായമാണ് ലതീഷയ്ക്കുള്ളത്. ഒരു മാസം 25,000 രുപയോളമാണ് ലത്തീഷയുടെ ചികിത്സയ്ക്കായി വേണ്ടിവരുന്നത്.

എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരിയുടെയും ജമീലയുടെയും മകളാണ് ലതീഷ ജന്മനാ തന്നെ എല്ലുപൊടിയുന്ന രോഗമായിരുന്നിട്ടും കിടക്കയില്‍ ഒതുങ്ങിക്കൂടാതെ ചക്രക്കസേരയില്‍ക്കയറി ലത്തീഷ ഉയരങ്ങള്‍ കീഴടക്കി. എരുമേലി എംഇഎസ് കോളേജില്‍ നിന്ന് എംകോം ഉന്നത മാര്‍ക്കോടെ പാസായി. ഇതിനിടെ കീബോര്‍ഡ് വായനയിലൂടെ വേദികളെ സംഗീതസാന്ദ്രമാക്കി. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി കിട്ടി. എന്നാല്‍ ശ്വാസതടസം കലശലായതോടെ ജോലിക്കു പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version