കാഴ്ച ശക്തിയില്ല; പരിമിതിയെ മറികടന്ന് സിവില്‍ സര്‍വീസില്‍ നേട്ടം കൊയ്ത് തിരുവനന്തപുരത്തുകാരന്‍ ഗോകുല്‍, കടമ്പ കടന്നത് ആദ്യ ശ്രമത്തിലും! ഇരട്ടി സന്തോഷം

തിരുവനന്തപുരം; കാഴ്ച ശക്തിയില്ലാതെയും സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേട്ടം കൊയ്തിരിക്കുകയാണ് തിരുവനന്തപുരത്തുകാരനായ ഗോകുല്‍ എസ്. തന്റെ എല്ലാ പരിമിതികളെയും മറികടന്നാണ് ആദ്യ ശ്രമത്തില്‍ തന്നെ ഗോകുല്‍ നേട്ടം കൊയ്തത്. 804-ാം റാങ്കാണ് ഗോകുല്‍ സ്വന്തമാക്കിയത്.

പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്നാണ് ഗോകുല്‍ പറയുന്നത്. ഇത് യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. ബിരുദപഠനകാലത്തുതന്നെ ഗോകുല്‍ സിവില്‍ സര്‍വീസിനായുള്ള പഠനം തുടങ്ങിയിരുന്നു.

ഇക്കാലയളവില്‍ സിലബസ് പൂര്‍ണ്ണമായും പഠിച്ചു തീര്‍ത്തിരുന്നു. എന്നാല്‍ പിജി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ ഗോകുല്‍ എഴുതിയത്. ഗവേഷക വിദ്യാര്‍ത്ഥിയായി ചേര്‍ന്നതിനു ശേഷമാണ് മെയിന്‍ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തില്‍ പങ്കെടുത്തതും. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും പിജിയും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ് ഗോകുല്‍.

സമൂഹത്തില്‍ പരിമിതികളുടെ പേരിലും അല്ലാതെയും മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗോകുല്‍ പറയുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി ഏറ്റവും മികച്ച അവസരം നല്‍കുന്ന സിവില്‍ സര്‍വീസില്‍ എത്താനായതിനെ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version