ഇത് താന്‍ഡാ കേരളാ പോലീസ്! തല പോയാലും പ്രതികളെ പിടിയ്ക്കും; ആന്ധ്ര പോലീസിന് കേരളാ പോലീസിന്റെ മാസ് മറുപടി

കൊച്ചി: ആന്ധ്രയിലെ നക്സല്‍ മേഖലയില്‍ കയറി വന്‍ കഞ്ചാവ് വേട്ട നടത്തി ആന്ധ്രാ പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ് കേരളാ പോലീസ്. ലാത്തി പോലും ഇല്ലാതെ ചങ്കുറപ്പോടെ, ബുദ്ധിപരമായി കരുക്കള്‍ നീക്കിയും വന്‍ ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തിയ കേരളാപോലീസ് സംഘത്തോട് ആന്ധ്ര പോലീസ് ചോദിച്ചത് ‘നിങ്ങള്‍ക്ക് ഇപ്പോഴും തല ഉണ്ടോ’ എന്നാണ്.

തല പോയാലും പ്രതികളെ പിടികൂടുമെന്ന വാശിയില്‍ നക്സല്‍ മേഖലയിലേക്ക് കയറിയപ്പോള്‍ 325 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കേരള പോലീസിന്റെ ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ്. സോഷ്യല്‍മീഡിയ നിറയെ അഭിനന്ദനപ്രവാഹമാണ് കേരളപോലീസിന്.

വിശാഖപട്ടണത്തു നിന്നും വളരെ ദൂരെയുള്ള നക്‌സല്‍ മേഖലയില്‍ കഞ്ചാവ് കടത്തുകാരെ പിടികൂടാനാണ് കേരള പോലീസ് സംഘം എത്തിയത്. അപകടസാധ്യത കൂടിയ ഈ വേട്ട തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് ഗരുഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടത്തിയത്. ആന്ധ്രാപോലീസിനെയും ഞെട്ടിച്ച റെയ്ഡായിരുന്നു കേരളാ പോലീസ് നടത്തിയത്. ഇതാണ് അഭിനന്ദനങ്ങള്‍ക്കും മറ്റും വഴിവെച്ചത്.

സ്വന്തം തട്ടകത്തില്‍ പോലും കൃത്യമായി ജോലി ചെയ്യാന്‍ മടികാണിക്കുന്ന ആന്ധ്രാ പോലീസിന് കേരളാ പോലീസ് മാതൃക കാണിച്ചുകൊടുത്തുവെന്നാണ് സോഷ്യല്‍മീഡിയയുടെ പക്ഷം.

തലസ്ഥാനത്ത് കഞ്ചാവ് വിതറുന്ന സംഘത്തെ കുരുക്കാന്‍ തയ്യാറാക്കിയ പദ്ധതിയുമായാണ് നക്‌സല്‍ മേഖലയില്‍ കേരളാ പോലീസ് എത്തിയത്. അത്യാധുനിക ആയുധങ്ങളും സ്വന്തമായി അപകടകാരികളായ നക്‌സല്‍ വിരുദ്ധ സേനയും ഉള്ള ആന്ധ്ര പോലീസിന് സാധിക്കാത്തതാണ് കേരളാ പോലീസ് നടത്തിയത്. ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തിയ സംഘത്തോട് ‘നിങ്ങള്‍ക്ക് ഇപ്പോഴും തല ഉണ്ടോ’ എന്ന് ആന്ധ്രാ പോലീസ് ചോദിച്ചതായി കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയെങ്കിലും ആ ചോദ്യത്തില്‍ കാര്യമുണ്ടെന്നും സോഷ്യല്‍മീഡിയ പറയുന്നുണ്ട്.

തല പോയാലും പ്രതികളെ പിടികൂടുക എന്നതാണ് തങ്ങളുടെ ദൗത്യം എന്ന് മറുപടി നല്‍കിയ കേരളാ പോലീസിനെ വാഴ്ത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. കേരള പോലീസിന്റെ ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇപ്പോള്‍ നടത്തിയത്. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ വേട്ടയ്ക്ക് നാനാഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങള്‍ ഒഴുകി എത്തുന്നത്.

Exit mobile version