അര്‍ധരാത്രിയില്‍ ബസ് കേടായി, യാത്രക്കാര്‍ സുഖനിദ്രയില്‍: ഒന്നും അറിയിക്കാതെ പുതിയ ബസ് എത്തിച്ച് യാത്രക്കാരെ ഉണര്‍ത്തി ജീവനക്കാര്‍; കെഎസ്ആര്‍ടിസി മാതൃക

തൃശ്ശൂര്‍: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കല്ലട ബസിനെതിരെ വന്‍ രോഷമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. രാത്രിയില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വേറെ ബസ് എത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യമാണ് ഗുണ്ടായിസത്തിലേക്ക് വരെ കടന്നത്. സുരേഷ് കല്ലട ബസ്സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും സോഷ്യല്‍മീഡിയയില്‍ വ്യാപകമാവുകയാണ്. ദ്വീര്‍ഘദൂരയാത്രയ്ക്കും കെഎസ്ആര്‍ടിസിയെ ആശ്രയിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, കര്‍ണാടക ആര്‍ടിസി ബസിലെ മാതൃകാ ജീവനക്കാരെ കുറിച്ചുള്ള മലയാളിയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി ബസില്‍ പുറപ്പെട്ട ദിലീപ് എന്നയാളുടേതാണ് കുറിപ്പ്.

അര്‍ധരാത്രിയില്‍ യാത്രയ്ക്കിടെ കര്‍ണാട ആര്‍ടിസി ബസും വഴിയരികില്‍ തകരാറിലായി. എന്നാല്‍ ജീവനക്കാരുടെ പെരുമാറ്റം യാത്രക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു.

മൈസൂര്‍ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാര്‍ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ടും, ബസ് ഓഫ് ചെയ്തില്ല. എസി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ ഇതൊന്നും അറിഞ്ഞില്ല.

പിന്നീട് മൈസൂരുവില്‍ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാര്‍ ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തിയത്. അപ്പോഴാണ് ബസ് കേടായവിവരം യാത്രക്കാര്‍ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാര്‍ തന്നെ ടോര്‍ച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും, ലഗേജ് മാറ്റാന്‍ സഹായിക്കുകയും ചെയ്തു.

‘ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണ്ണാടക RTC, മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി,( അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ് ). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് AC പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരിൽ നിന്ന് വേറേ multi axle ബസ് ആണ് എത്തിയത്,

ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം

ഇവിടെ കർണ്ണാടക ബസ് ജീവനക്കാർ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്, ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിeപ്പായി എങ്കിലും AC ഒക്കെ ഓൺ ചെയ്ത വെച്ച് സുഖമായി ഉറങ്ങാൻ സമ്മതിച്ചു,, മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു
എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി

ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു

ഇപ്പോ വേറേ ഒരു ബസ്റ്റിൽ (same class ) യാത്ര തുടരുന്നു

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന KSRTC management നും ( കർണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു”

Exit mobile version