പരീക്ഷയെഴുതാന്‍ കുതിരപ്പുറത്ത് പോയി വൈറലായ കൃഷ്ണയെ തേടി ഋഷിരാജ് സിങെത്തി; കൂടെ കിടിലന്‍ സമ്മാനവും

തൃശ്ശൂര്‍: കുതിരപ്പുറത്ത് പരീക്ഷയെഴുതാന്‍ പോയി സോഷ്യല്‍മീഡിയയില്‍ വൈറലായ മാള സ്വദേശിനി കൃഷ്ണയെ തേടി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. തൃശൂര്‍ മാളയിലെ വീട്ടില്‍ എത്തിയ അദ്ദേഹം കൃഷ്ണയോടൊപ്പം രണ്ടു മണിക്കൂറോളം ചെലവഴിച്ചു. തിരിച്ചുപോകാന്‍ നേരം ഒരു കിടിലന്‍ സമ്മാനവും നല്‍കി, ‘മൈസൂരിലുള്ള കുതിരയോട്ട പഠന കേന്ദ്രത്തില്‍ സൗജന്യ പഠനം’.

റോഡിലൂടെ കുതിരപ്പുറത്തേറി സ്‌കൂളില്‍ പോകാന്‍ കൃഷ്ണ കാണിച്ച ആ ധൈര്യത്തെ അഭിനന്ദിക്കാനാണ് ഋഷിരാജ് സിങ് എത്തിയത്. കുതിരയോട്ടം പരിശീലിക്കാനുണ്ടായ സാഹചര്യം ചോദിച്ചറിഞ്ഞു. വീട്ടുകാര്‍ നല്‍കിയ പിന്തുണയേയും അഭിനന്ദിച്ചു. കൃഷ്ണയുടെ മാതാപിതാക്കള്‍ ഋഷിരാജ് സിങ്ങിനെ പൊന്നാട ചാര്‍ത്തി.

പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസത്തിലാണ് കൃഷ്ണ കുതിരപ്പുറത്ത് പോയി ശ്രദ്ധേയയായിരിക്കുന്നത്. അതിനെ തുടര്‍ന്ന് വിവിധ ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിവിധ സോഷ്യല്‍ മീഡിയകളിലും ധീരയായ ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു.

സ്‌കൂള്‍ യൂണിഫോമില്‍ കുതിരപ്പുറത്ത് പോകുന്ന കൃഷ്ണയുടെ ഫോട്ടോകളും വീഡിയോയും ചുരുങ്ങിയ ദിവസത്തിനുള്ളിലായിരുന്നു വൈറലായിത്തീര്‍ന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൃഷ്ണയെ തേടി അഭിനന്ദനപ്രവാഹമാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ അഭിമുഖം. ആര്‍മിയിലേക്ക് ക്ഷണം. രണ്ടു ബാങ്കുകളിലേക്ക് ജോലി.. ഇങ്ങനെ പോകുന്നു ഓഫറുകളുടെ നീണ്ട നിര. പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കൃഷ്ണയ്ക്കു തല്‍ക്കാലം കുതിരയോട്ടം പഠിക്കാനുള്ള മോഹം മാത്രം. മറ്റു ഓഫറുകള്‍ പഠന ശേഷം തിരഞ്ഞെടുക്കാമെന്ന തീരുമാനത്തിലാണ്.

വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ മേധാവികള്‍ വരെ കൃഷ്ണയെ അഭിനന്ദിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മാള നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സിഎ കൃഷ്ണ, മാള ഹോളിഗ്രേസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സ്‌കൂളില്‍ തന്നെയാണ് കുതിരയോട്ടം പരിശീലിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്ന കുതിരസവാരി കൃഷ്ണയ്ക്ക് ഹോബിയായിത്തീര്‍ന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കുതിരസവാരി ഈ പെണ്‍കുട്ടിക്ക് തികച്ചും സൗകര്യപ്രദമായ സഞ്ചാരമാര്‍ഗമായിത്തീരുകയായിരുന്നു. എന്നാല്‍ താന്‍ ദിവസവും സ്‌കൂളിലേക്ക് കുതിരപ്പുറത്തല്ല പോകുന്നതെന്നും മറിച്ച് ചില പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ ബോറടിക്കുമ്പോഴോ ചില പരീക്ഷാ ദിവസങ്ങളിലോ മാത്രമാണ് കുതിരസവാരിയെന്നും കൃഷ്ണ പറഞ്ഞിരുന്നു.

കുതിരപ്പുറത്ത് പോകുന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം എളുപ്പമല്ലെന്ന് ഒരു സുഹൃത്ത് തന്നോട് പറഞ്ഞിരുന്നുവെന്നും ഇത് ജാന്‍സി റാണിയെ പോലുള്ള അസാധാരണ വനിതകള്‍ക്ക് മാത്രം സാധിക്കുന്ന പ്രവര്‍ത്തിയാണെന്നായിരുന്നു സുഹൃത്തിന്റെ ഉപദേശമെന്നും കൃഷ്ണ ഈ വേളയില്‍ ഓര്‍ക്കുന്നു. തന്നെ പോലുള്ള സാധാരണ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്ന് താനും ആദ്യം ധരിച്ചിരുന്നുവെന്നും കൃഷ്ണ വെളിപ്പെടുത്തുന്നു.

ഏകമകളുടെ കുതിരയോട്ട ഭ്രമം തിരിച്ചറിഞ്ഞ അച്ഛന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത് കുതിരയെയായിരുന്നു. സ്‌കൂളില്‍ പോകാന്‍ മാത്രമല്ല കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്നതും കുതിരപ്പുറത്തായിരുന്നു. ഏപ്രില്‍ 28ന് മൈസൂരിലെ കുതിരയോട്ട പഠന കേന്ദ്രത്തില്‍ പരിശീലനം തുടങ്ങാനാണ് തീരുമാനം. അതുവരെ, നാടുനീളെ സ്വീകരണങ്ങളുടെ തിരക്കിലാണ് കൃഷ്ണ.

Exit mobile version