സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ഋഷിരാജ് സിംഗ്; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിലേയ്ക്ക്

Rishiraj Singh | Bignewslive

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം. ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും വകുപ്പ് അറിയിക്കുന്നു.

സ്വപ്നയ്ക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജയില്‍ വകുപ്പിന്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം എസിജെഎം കോടതി ഉത്തരവിറക്കിയത്. ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉത്തരവ് എന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിലിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷിന് സുരക്ഷ ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടത്.

Exit mobile version