‘പോലീസ് എന്നും കോമാളി അല്ലെങ്കില്‍ ക്രൂരന്‍, ആ ചിന്തയെ പൊളിച്ചെഴുതി; പോലീസിന്റെ നല്ലൊരു വശം കാണിച്ചു’ ഓപ്പറേഷന്‍ ജാവ കണ്ട അനുഭവം പങ്കിട്ട് ഋഷിരാജ് സിംഗ്, കുറിപ്പ്

Rishiraj Singh | Bignewslive

കൊച്ചി: നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ചിത്രത്തിന് അഭിനന്ദനം അറിയിച്ച് ഋഷിരാജ് സിംഗ് ഐപിഎസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

സാധാരണരീതിയില്‍ പൊലീസിനെ സിനിമകളില്‍ കാണിക്കുന്നത് ഒന്നുകില്‍ ഒരു കോമാളിയോ ഒരു ക്രൂരനോ അല്ലെങ്കില്‍ ഒരു അഴിമതിക്കാരനോ ആയിട്ടാണ്. ഒരു പക്ഷെ കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ്‌പൊലീസിന്റെ നല്ലൊരു വശം ഈ സിനിമയില്‍ കാണിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സൈബര്‍ കുറ്റാന്വേഷണം ആണ് സമൂഹത്തിന്റെ ഭാവി-
ഓപ്പറേഷന്‍ ജാവ- ഫിലിം റിവ്യൂ
ഋഷിരാജ് സിംഗ്
സാധാരണരീതിയില്‍ പൊലീസിനെ സിനിമകളില്‍ കാണിക്കുന്നത് ഒന്നുകില്‍ ഒരു കോമാളിയോ ഒരു ക്രൂരനോ അല്ലെങ്കില്‍ ഒരു അഴിമതിക്കാരനോ ആയിട്ടാണ്. ഒരു പക്ഷെ കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ്പൊലീസിന്റെ നല്ലൊരു വശം ഈ സിനിമയില്‍ കാണിക്കുന്നത്.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ പല രീതിയിലുള്ള പൊലീസുകാര്‍ ഉണ്ട്. പൊലീസ് സ്റ്റേഷനില്‍ യൂണിഫോമിട്ട് ജോലിചെയ്യുന്ന പൊലീസുകാര്‍ ഉണ്ട്, കൂടാതെ മഫ്തിയില്‍ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ജോലിചെയ്യുന്ന പൊലീസുകാരും ഉണ്ട്. ഇതില്‍ സൈബര്‍സെല്‍ ലോക്കല്‍ പൊലീസിനെ കേസ് അന്വേഷണത്തില്‍ സഹായിക്കുന്ന ഒരു വിഭാഗമാണ്.
നാം ഇപ്പോള്‍ ജീവിക്കുന്നത് ടെക്‌നോളജി റെവല്യൂഷന്റെ കാലത്താണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ടിവി, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവ എല്ലാം ഒഴിവാക്കാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇപ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം റണ്ണിങ് ക്രൈമുകള്‍ ആണ് കൂടുതലായി നടക്കുന്നത്. ഇപ്പോള്‍ മിക്ക കൊലപാതകങ്ങളും ആസൂത്രണം ചെയ്യുന്നത് മൊബൈല്‍ഫോണ്‍ വഴിയാണ്. കൂടാതെ മൊബൈല്‍ ഫോണ്‍ വഴി ഫിഷിംഗ്, ക്ലോണിങ്ങ് തുടങ്ങി നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ സെല്‍ തന്നെ വേണം. ഈ സിനിമയില്‍ മൊബൈല്‍ഫോണ്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ മൊബൈല്‍ഫോണ്‍ വഴി തന്നെ കണ്ടെത്തുന്നത് വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സിനിമയില്‍ ഗ്ലാമര്‍ ആവശ്യമില്ല, കഴിവ് മാത്രം മതി എന്ന് ഈ സിനിമ കാണിച്ചു തരുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ നമ്മുടെ വീടിനു തൊട്ടടുത്തുള്ള ആള്‍ക്കാര്‍ എന്നെ തോന്നുകയുള്ളൂ.
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും വിജയിച്ചു. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് വിജയന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് കയ്യടി നേടുന്ന താരങ്ങള്‍. ദിനേശ് പ്രഭാകര്‍, ജോണി ആന്റണി, ധന്യ അനന്യ, വിനീതകോശി, മമിത ബൈജു, പി ബാലചന്ദ്രന്‍, പാര്‍വതി നീന മൗലി, ദില്‍ഷന, റിതു മന്ത്ര എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഈ സിനിമയിലെ പാട്ടുകള്‍ വളരെ നന്നായിട്ടുണ്ട്, സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാട്ടുകള്‍ക്ക് നല്ല പങ്കുണ്ട്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. ജേക്‌സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം സിനിമയുടെ വിജയത്തിന് പ്രധാനപങ്കുവഹിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജോലി ഇല്ലാത്തവരുടെ മാനസികാവസ്ഥയും സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പറ്റിയ ഒരു സിനിമയാണ് ഓപ്പറേഷന്‍ ജാവ.

നവാഗതന്റെ കുറവുകളൊന്നുമില്ലാതെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്റെ ആദ്യസംരംഭം അതിഗംഭീരമാക്കിയിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വളരെ നല്ലൊരു ഭാവിയുണ്ടെന്ന് ഈ ചിത്രത്തിന്റെ സംവിധാനം കണ്ടാല്‍ പറയാന്‍ കഴിയും. അദ്ദേഹത്തോട് എനിക്ക് ഒരു അഭിപ്രായം പറയാനുള്ളത് അടുത്ത സിനിമകളില്‍ ഒരു സ്ത്രീക്ക് വളരെ പ്രാധാന്യം ഉള്ള കഥാപാത്രത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യണം എന്നാണ്.

നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലി കിട്ടാത്ത നമ്മുടെ യുവതലമുറയുടെ നിസ്സഹായാവസ്ഥ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ നല്ല കഴിവുള്ള ചെറുപ്പക്കാരെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിക്ക് എടുത്താല്‍ ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും തൊഴിലില്ലാത്തവര്‍ക്ക് ജോലിയും ആകും. തീര്‍ച്ചയായും എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ്.

Exit mobile version