വീണതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച മൂന്നുവയസ്സുകാരന്റെ നിലഗുരുതരം; കുട്ടിയെ അടിയന്തിര ശസ്ത്രക്രിയ, പിതാവിനെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്റെ നില ഗുരുതരം. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആദ്യം ആശുപത്രി മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അത് പ്രായോഗികല്ലെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു. അതേസമയം പോലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസ്സുകാരന്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്ത കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂരതകള്‍ ഓരോന്നായി പുറത്തുവരുന്നത്.

Exit mobile version