നികുതി അടച്ചില്ല: കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു; സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മൂന്നു സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ബംഗളൂരു, മൂംകാംബിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളാണ് പിടിച്ചെടുത്തത്. സര്‍വീസുകള്‍ മുടങ്ങിയതോടെ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ദുരിതത്തിലായി.

ഓരോ സ്‌കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ തുക നികുതിയായി നല്‍കാനുണ്ട്. എന്നാല്‍ ബസുകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. പിടിച്ചെടുത്ത ബസുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കിടക്കുകയാണ്. നികുതി അടച്ചശേഷം മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്നും വാടകയ്‌ക്കെടുത്തതാണ് പിടിച്ചെടുത്ത ബസുകള്‍. പത്തു സ്‌കാനിയയും പത്തു ഇലക്ട്രിക് ബസുകളും ഇത്തരത്തില്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. നികുതി അടയ്ക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ മറിഞ്ഞ സ്‌കാനിയ ബസ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നതെന്ന് മോട്ടോര്‍വാഹന വകുപ്പിന്റ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മറ്റ് വാടക ബസുകളും പരിശോധനയ്ക്ക് വിധേയമാക്കിയത്. മൂന്ന് ബസുകള്‍ പിടിച്ചെടുത്തു. ബാക്കി ആറ് ബസുകളും ഉടന്‍ പിടിച്ചെടുക്കും. സെപ്റ്റംബറിന് ശേഷം ഇവയ്‌ക്കൊന്നും നികുതി അടച്ചിട്ടില്ല. മൂന്നുമാസം കൂടുമ്പോള്‍ നികുതി അടയ്ക്കണമെന്നാണ് നിര്‍ദേശം

Exit mobile version