ആറ്റിങ്ങല്‍ സൂര്യ കൊലക്കേസ്: പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡോക്ടറുടെ സാക്ഷിമൊഴി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സൂര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഡോക്ടറുടെ മൊഴി. പ്രതിയായ ഷിജു കൊല്ലം തപസ്യ ലോഡ്ജില്‍ മുറിയെടുത്ത് മൂര്‍ച്ചയുള്ള കത്തി പോലുള്ള ആയുധം കൊണ്ട് സ്വയം ഇരുകൈത്തണ്ടകളിലെയും ഞരമ്പുകളും കീറിമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷിമൊഴി നല്‍കി.

2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണനാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം നാല്‍പത്തിമൂന്നാം സാക്ഷിയായി കോടതിയില്‍ സാക്ഷിമൊഴി നല്‍കിയത്. ഡോക്ടര്‍ പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു.

2016 ജനുവരി 27 ന് വൈകിട്ട് 5 മണിയോടെയാണ് പ്രതിയെ പോലീസ് തന്റെ മുന്നില്‍ ഹാജരാക്കിയത്. പ്രതി ശരീരത്തില്‍ സ്വയം ധാരാളം മുറിവേല്‍പ്പിച്ചതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പത്ത് പാരസിറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ചതായി തന്നോട് പറഞ്ഞതായും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. രക്തച്ചൊരിച്ചില്‍ കുറക്കാനായി താന്‍ മരുന്നുകള്‍ നല്‍കി ചികിത്സിച്ചു.

മറ്റു പല ഡിപ്പാര്‍ട്ട്മെന്റിലും പ്രതിയെ മാറി മാറി ചികിത്സിച്ചു. പ്രതിയുടെ ആരോഗ്യനില അത്യാസന്ന നിലയിലായതിനാല്‍ താന്‍ ഒപി ടിക്കറ്റ്, വൂണ്ട് രജിസ്റ്റര്‍ എന്നിവയില്‍ രേഖപ്പെടുത്തിയില്ല. പ്രതിയുടെ മാനസിക നില വിലയിരുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ക്രോസ്ചോദ്യത്തിന് മറുപടിയായി അദ്ദേഹം മൊഴി നല്‍കി. കേസ് ഷീറ്റിന്റെ ഫോട്ടോ കോപ്പി പോലീസ് ഹാജരാക്കിയതിനാല്‍ ആയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് ജഡ്ജി കെ ബാബു വ്യക്തമാക്കി.

കൃത്യത്തിന് ശേഷം ആറ്റിങ്ങലില്‍ നിന്നും കടന്ന പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴി പോലീസ് കൊല്ലത്തെ ലോഡ്ജ് മുറിയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങല്‍ മജിസ്ട്രേട്ട് കോടതി പോലീസിന്റെ ആവശ്യം തള്ളി.

അത്യാസന്നനിലയില്‍ കഴിയുന്ന പ്രതി മാനസികമോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടര്‍ന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വീഴ്ച വരുത്തിയതിനാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) പ്രകാരം പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. അതിനാല്‍ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ പോലീസിന് തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

കൊലയ്ക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവര്‍ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ – സൈബര്‍ തെളിവുകളും ആണ് പ്രോസിക്യൂഷന്‍ കേസ് തെളിയിക്കാന്‍ ആശ്രയിച്ചിരിക്കുന്നത്. സൂര്യ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സില്‍ കയറി ആറ്റിങ്ങല്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഷിജു ആറ്റിങ്ങല്‍ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാന്‍സ്ഫോര്‍മറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിര്‍വ്വഹിക്കുകയായിരുന്നു.

സൂര്യയെയും ഡോക്ടര്‍മാരെയും മറ്റും ചേര്‍ത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

Exit mobile version