ഉത്തരക്കടലാസുകള്‍ റോഡരികില്‍: അധ്യാപികയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി

കൊച്ചി: എംജി സര്‍വ്വകലാശാലയിലെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂല്യനിര്‍ണയത്തിന് ശേഷം അധ്യാപികയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഇവയെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. അധ്യാപികയെയും മൂല്യനിര്‍ണയത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സര്‍വകലാശാല അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ആലുവ തോട്ടയ്ക്കാട്ടുകര സിഗ്‌നലിന് സമീപം ഉള്ള വഴിയരികില്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഉത്തരകടലാസുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ബിഎസ് സി ബയോടെക്‌നോളജി ജെനറ്റിക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ 39 ഉത്തരക്കടലാസുകളാണ് വഴിയരികില്‍ കണ്ടത്.

2018 ഡിസംബര്‍ 12ന് നടന്ന പരീക്ഷയുടെ ഉത്തരകടലാസുകളായിരുന്നു ഇവ. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ നഗരസഭാ അധികൃതര്‍ ഉത്തര കടലാസുകള്‍ ആലുവ പോലീസിന് കൈമാറി.

മൂല്യനിര്‍ണയത്തിന് ശേഷം ആലുവ യുസി കോളേജിലെ ക്യാപിലേക്ക് കൊണ്ടും വരും വഴി അധ്യാപികയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഉത്തരകടലാസുകള്‍ എന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. മാറമ്പള്ളി എംഇഎസ് കോളേജിലെ അധ്യാപികയുടെ കൈയില്‍ നിന്നാണ് ഇവ നഷ്ടപ്പെട്ടത്. ഈ അധ്യാപികയയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയുമാണ് പരീക്ഷാ ജോലികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Exit mobile version