മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് സ്വീകരിച്ച് കെപി ബോട്ട്; കേരള പോലീസിന് ഇനി റോബോട്ടിന്റെ സേവനവും

തിരുവനന്തപുരം: കേരള പോലീസിന് ഇനി റോബോട്ടിന്റെ സേവനവും. പോലീസ് ആസ്ഥാനത്തെത്തുന്നവരെ സ്വീകരിക്കുന്ന റോബോട്ടായ കെപി -ബോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു.

സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള കെപി -ബോട്ട് റോബോട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബോട്ടിലൂടെ സാധിക്കും.

ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനുള്ള ശേഷിയും റോബോട്ടിനുണ്ട്. പോലീസ് നവീകരണത്തിന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍, തെര്‍മല്‍ ഇമേജിങ്, ഗ്യാസ് സെന്‍സറിങ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്.

പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയായി മാറിയിരിക്കുകയാണ് കേരള പോലീസ്.

Exit mobile version