ജനവാസ കേന്ദ്രത്തില്‍ ഭീതി വിതച്ച ഒറ്റയാനെ തളച്ച് വനംവകുപ്പ്

കണ്ണാടി പുതൂരിലെ വാഴത്തോട്ടത്തില്‍ തമ്പടിച്ചിരുന്ന ഒറ്റയാനെ മണിക്കൂറുകളോളം പിന്തുടര്‍ന്നാണ് വനംവകുപ്പ് നാലുതവണ മയക്കു വെടിവെച്ച് കീഴടക്കിയത്

ഇടുക്കി: മറയൂര്‍-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ കൃഷ്ണാപുരത്തില്‍ ഭീതി വിതച്ച ചിന്ന തമ്പിയെന്ന ഒറ്റയാനെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. രണ്ടാഴ്ചയായുളള ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ജനങ്ങളെ ഭീതിയിലാക്കിയ ഒറ്റയാനെ മയക്കു വെടിവെച്ച് വനംവകുപ്പ് പിടികൂടിയത്..

മൂന്നാഴ്ച മുമ്പ് കോയമ്പത്തൂര്‍ കണുവായ് പ്രദേശത്തിറങ്ങിയ ചിന്ന തമ്പിയെ വനപാലകര്‍ പിടികൂടി ടോപ്സ്ലിപ്പ് വനത്തില്‍ എത്തിച്ചിരുന്നു. ഇവിടുന്ന് ഒറ്റരാത്രി കൊണ്ട് 100 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ആന കൃഷ്ണാപുരത്തെത്തിയത്. ഇവിടെയും ചിന്ന തമ്പി വ്യാപകമായി കൃഷി നശിപ്പിച്ചതോടെ കുങ്കിയാനകളുടെ സഹായത്തോടെ ഒറ്റയാനെ പിടികൂടാന്‍ വനംവകുപ്പ് ശ്രമിച്ചു. എന്നാല്‍ വനംവകുപ്പിന്റെ ഈ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.

അതിനിടയില്‍ ആനയെ പിടികൂടുന്നതിനെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ചതും ഇതിന് തടസമായി. ഒടുവില്‍ കോടതി വിധി അനുകൂലമായതോടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മയക്കു വെടിവെച്ച് പിടികൂടിയത്. കണ്ണാടി പുതൂരിലെ വാഴത്തോട്ടത്തില്‍ തമ്പടിച്ചിരുന്ന ഒറ്റയാനെ മണിക്കൂറുകളോളം പിന്തുടര്‍ന്നാണ് വനംവകുപ്പ് നാലുതവണ മയക്കു വെടിവെച്ച് കീഴടക്കിയത്. പിടികൂടിയ ഒറ്റയാനെ വനംവകുപ്പ് വീണ്ടും ടോപ്സ്ലിപ് വനത്തിലെത്തിച്ചു.

Exit mobile version