ചെണ്ടമേളം കേട്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല, അങ്ങ് തുള്ളിച്ചാടി! മതിമറന്ന് പൂരം ആഘോഷിച്ച് മനംകവര്‍ന്ന ആ വൈറല്‍ പെണ്‍കുട്ടി ഇതാ

ആലപ്പുഴ: പൂരപ്പറമ്പിലെ മേളപ്പെരുക്കത്തിനൊപ്പം തുള്ളിച്ചാടി പൂരത്തിന്റെ എല്ലാ ആവേശവും ആവാഹിച്ച ആ പെണ്‍കുട്ടിയെ തേടുകയായിരുന്നു ദിവസങ്ങളായി സൈബര്‍ലോകം.

രണ്ട് ദിവസത്തെ അന്വേഷത്തിനൊടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ടീം അവളെ കണ്ടെത്തിയിരിക്കുകയാണ്. താളത്തിനൊത്ത് തുള്ളിച്ചാടിയവള്‍, പേര് പാര്‍വ്വതി! പഠിക്കുന്നത് ഒന്‍പതാം ക്ലാസില്‍. ഉത്സവങ്ങളെയും ആനകളെയും ഇഷ്ടപ്പെടുന്ന, ഈ പതിനാലുകാരിയാണിപ്പോള്‍ പൂരപ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് താരമായ സന്തോഷത്തിലാണ് പാര്‍വതി.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിനിയുടെയും ഏകമകളാണ് പാര്‍വ്വതി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആനയടി ശ്രീ നരസിംഹക്ഷേത്രത്തിലെ ഉത്സവം. അടൂരിലെ വീട്ടില്‍ നിന്നും അമ്മവീടായ ആനയടിയില്‍ ഉത്സവം കൂടാനെത്തിയതായിരുന്നു പാര്‍വ്വതി. ”ഞങ്ങളുടെ ടീമായിരുന്നു ടീം നരഹരി. എന്റെ ബന്ധുക്കളും അനിയന്‍മാരും കൂട്ടുകാരുമൊക്കെയാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ ടീമില്‍ നാല് ആനകളും ഉണ്ടായിരുന്നു. ഞാനും ചിറ്റയും അമ്മായിയും കൂടിയാണ് ഉത്സവത്തിന് പോയത്.

ചെണ്ടമേളം കേട്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല. അവരുടെ കൂടെയങ്ങ് തുള്ളിപ്പോയി. ചിറ്റ എന്റെ കയ്യില്‍ പിടിച്ചിട്ട് എന്തോ പറയുന്നുണ്ട്. അതെന്താണെന്ന് പോലും ഞാന്‍ കേട്ടില്ല.”

ചുറ്റും നിന്നത് വീടിനടുത്തുള്ളവരായത് കൊണ്ട് മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലെന്നാണ് പാര്‍വ്വതിയുടെ വാക്കുകള്‍. ആരാണ് വീഡിയോ എടുത്തതെന്നോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നോ അറിയില്ല. കൂട്ടുകാര്‍ വന്ന് പറഞ്ഞപ്പോഴാണ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും വീഡിയോ വൈറലാകുന്നുണ്ടെന്ന് അറിഞ്ഞത്.

ആനക്കമ്പവും ഉത്സവങ്ങളും ചെണ്ടമേളവും ഇഷ്ടപ്പെടുന്ന ഈ മിടുക്കി പത്ത് വര്‍ഷമായി നൃത്തവും അഭ്യസിക്കുന്നുണ്ട്. നൂറനാട് വൈഷ്ണവ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലാണ് ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് പഠിക്കുന്നത്. നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലും പെട്ടെന്നൊരു ദിവസം താരമായതിന്റെ സന്തോഷത്തിലാണ് പാര്‍വ്വതി.

അച്ഛനും അമ്മയും കട്ട സപ്പോര്‍ട്ടായി കൂടെയുള്ളതാണ് ഏറ്റവും വലിയ പിന്തുണയെന്നും ഈ പെണ്‍കുട്ടി കൂട്ടിച്ചേര്‍ക്കുന്നു. സന്തോഷം വന്നാല്‍ അത് പ്രകടിപ്പിക്കാതെ പിന്നെന്ത് ചെയ്യുമെന്നാണ് പാര്‍വ്വതിയുടെ ചോദ്യം.

Exit mobile version