കാസര്‍കോട് വന്‍ കഞ്ചാവ് വേട്ട; 110 കിലോ കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് കുന്നുംകൈ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. ചിറ്റാരിക്കലില്‍ വെച്ചാണ് നൂറ്റിപ്പത്ത് കിലോ കഞ്ചാവ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകൈ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്.

ജില്ലയിലെ മലയോരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ചിറ്റാരിക്കലില്‍ നിന്നുള്ള കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുന്നുംകൈ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സോണിയെന്ന യുവാവ് ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഇത്ര വലിയ കഞ്ചാവ് വേട്ട നടക്കുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് പോലീസ് പറയുന്നത്.

Exit mobile version