ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദിസംയോജനപദ്ധതി; ഇനി ഹരിതകേരളത്തിന് മാതൃക

ഇല്ലിക്കല്‍നിന്ന് കുമരകം വഴി ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചിലാറിന്റെ പ്രധാന കൈവഴി ഇനി നാടിന്റെ നൊമ്പരമല്ല

കോട്ടയം; ഇല്ലിക്കല്‍നിന്ന് കുമരകം വഴി ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചിലാറിന്റെ പ്രധാന കൈവഴി ഇനി നാടിന്റെ നൊമ്പരമല്ല. ഒഴുക്കുനിലച്ച് അഴുക്കുചാലായി മാറിയത് ഇനി നാടിന്റെ പഴങ്കഥ. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതോടെ ഒന്നരപതിറ്റാണ്ടിനു ശേഷം ഇവിടെ നദി ഒഴുകിത്തുടങ്ങി. ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീസംയോജനപദ്ധതി ഹരിതകേരളത്തിന് ഒരു മാതൃകയാണ്.

ആറുമാസം കൊണ്ട് പദ്ധതിയിലൂടെ വീണ്ടെടുത്തത് നിരവധി തോടുകളും കൃഷിയിടങ്ങളുമാണ്. പുതിയ മൂന്ന് ടൂറിസം പദ്ധതികള്‍ക്ക് വഴിയൊരുക്കാനും ഈ നദീ സംയോജന പദ്ധതിയ്ക്കായി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

മാലിന്യം നിറഞ്ഞും ഒഴുക്ക് നിലച്ചും ദുര്‍ഗന്ധം വമിക്കുന്ന തോടുകള്‍,നിരൊഴുക്ക് നിലച്ച് തരിശായി മാറിയ കൃഷിയിടങ്ങള്‍,ഇതായിരുന്നു കോട്ടയം നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും നേരത്തെയുള്ള മുഖമുദ്ര. എന്നാല്‍ 2018 ആഗസ്റ്റ് മാസം 28ന് ജനകീയ കൂട്ടായ്മയില്‍ മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീസംയോജനപദ്ധതി നടപ്പായതോടെ അഴുക്കുചാലുകള്‍ തെളിനീര്‍ നിറയുന്ന കൈത്തോടുകളായി. ആയിരത്തിലധികം കിലോമീറ്റര്‍ തോടുകള്‍ പുനര്‍ജനിച്ചു. മൂപ്പതിലധകം പാടശേഖരങ്ങളില്‍ നെല്‍കൃഷി മടങ്ങിയെത്തി. 15ലധികം പഞ്ചായത്തുകളും കോട്ടയം നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങളും പങ്കാളിയായതോടെ ഈ നദീസംയോജന പദ്ധതി ഹരിതകേരളത്തിനാകെ മാതൃകയായി മാറി. നിരവധി കേന്ദ്രങ്ങള്‍ ശുചീകരിച്ചെടുത്തതോടെ പ്രാദേശിക സായാഹ്ന കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാടിന്റെ മുഖഛായ മാറി.

Exit mobile version