‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമവും 58ാമത് സ്ഥാപകദിനാഘോഷവും ജൂലൈ 17, 18 തീയതികളില്‍

അരിയന്നൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന്റെ 58ാമത്‌ സ്ഥാപക ദിനാഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും 2022 ജൂലൈ 17,18 തീയതികളില്‍ നടക്കും. ‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’ എന്ന പേരില്‍ അലുംനി അസോസിയേഷന്‍ ഓഫ് ശ്രീകൃഷ്ണ കോളേജ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സംസ്ഥാന-ദേശീയ-അന്തർ ദേശീയ-അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം, മുൻ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ആദരിക്കുന്ന ‘ഗുരുവന്ദനം’, ആദ്യ ബാച്ചുകളിൽ പഠിച്ചവരെ ആദരിക്കുന്ന ‘പടവുകൾ’, സ്ഥാപക ദിനത്തിൽ കേക്ക് കട്ടിങ്, വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ, മുൻ കോളേജ് മാഗസിനുകളുടെ പ്രദർശനം, സംഗീത സന്ധ്യ, ഫോട്ടോ ബൂത്തുകൾ, വിദ്യാർത്ഥികളുടെ ഒപ്പുകളും സർഗാത്മതകളും ശേഖരിക്കുന്ന ‘അടയാളം’ചുമർ മാഗസിൻ, സ്‌പെഷൽ സപ്ലിമെന്റ്, ബുക്ക് ഫെസ്റ്റിവൽ, ഫുഡ് ഫെസ്റ്റിവൽ, ഫ്‌ളാഷ് മോബ്‌, കൂട്ടയോട്ടം തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’ സംഘടിപ്പിക്കപ്പെടുന്നത്.

കേരളത്തിലെ തന്നെ പഴക്കം ചെന്ന കോളേജുകളിലൊന്നായ ശ്രീകൃഷ്ണ കോളേജില്‍ ആദ്യമായാണ് ലോകത്തെല്ലായിടത്തുമുള്ള പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത് . അത് കൊണ്ട് തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ പരിപാടിയ്ക്കായി ശ്രീകൃഷ്ണയിലേക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ജൂണ്‍ 10 വെള്ളിയാഴ്ച കോളേജ് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് കെ.എ ഷെബീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ് വിജോയ് ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ.ടി നിഷാന്ത് സ്വാഗതമാശംസിച്ച യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജീവ് എം.പി നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ലോഗോ റിലീസും യോഗത്തില്‍ നിര്‍വഹിച്ചു.

സംഘാടക സമിതി ചെയര്‍മാനായി ഡോ.പി.എസ്.വിജോയിയെയും ജനറല്‍ കണ്‍വീനറായി കെ.എ ഷെബീറിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എൻ പ്രതാപൻ എം.പി, എം.എൽ.എമാരായ മുരളി പെരുന്നെല്ലി, എ.സി മൊയ്തീൻ, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ്, കണ്ടാണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ. വി.കെ. വിജയൻ , ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. പി. ശങ്കരനാരായണൻ, പ്രൊഫ. കെ.രവീന്ദ്രനാഥ്, ഡോ. ദാമോദരൻ, പ്രൊഫ. ഡി.ജയപ്രസാദ് എന്നിവരാണ് രക്ഷാധികാരികള്‍. ഡോ.ടി. നിഷാന്ത് (ചെയർമാൻ പ്രോഗ്രാം കമ്മിറ്റി), എം.പി.സജീപ് (കൺവീനർ പ്രോഗ്രാം കമ്മിറ്റി), തുടങ്ങിയ മുപ്പതോളം സബ്കമ്മിറ്റികളും 251 അംഗ എക്സിക്യൂട്ടീവിനെയും പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി യോഗം തിരഞ്ഞെടുത്തു.

Exit mobile version