കമ്മീഷന്‍ പ്രതിസന്ധിയില്‍: ഭക്ഷ്യക്കിറ്റ് ഏറ്റെടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

മട്ടാഞ്ചേരി: കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ ആശ്വാസം പകര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത. അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജനുവരിയിലെ കിറ്റുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡിസംബറിലെ കിറ്റ് വിതരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. കിറ്റിന് 20 രൂപ വരെയാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ കമീഷന്‍ ആവശ്യപ്പെട്ടത്. ഏഴുരൂപ വരെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു.

എന്നാല്‍, ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ വിതരണത്തില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാനാണ് തീരുമാനം. ബാക്കി വരുന്ന കിറ്റുകള്‍ തിരിച്ചെടുക്കാത്തതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. റേഷന്‍ കടകളില്‍ ഭൂരിഭാഗവും വലിയ സൗകര്യമില്ലാത്തവയാണ്. ഇവിടെ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുക ബുദ്ധിമുട്ടാകും.

വിതരണശേഷം ബാക്കിയായ രണ്ടുമാസത്തെ മുന്നൂറിലേറെ കിറ്റുകള്‍ പല കടകളിലുമുണ്ട്. ഇവയില്‍ പലതും മോശമാകുന്ന സാഹചര്യവുമുണ്ട്. ഇത് തിരികെ കൊണ്ടുപോകാന്‍ ഭക്ഷ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല. കിറ്റുകള്‍ എത്തിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തിരിച്ചെടുക്കാന്‍ നിര്‍ദേശമില്ലെന്നുമാണ് ഭക്ഷ്യവകുപ്പ് അധികൃതരുടെ വിശദീകരണം. റേഷന്‍ വ്യാപാരികള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ കിറ്റ് വിതരണം പ്രതിസന്ധിയിലാകും.

ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രില്‍ വരെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഒന്‍പത് ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റില്‍ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ നടക്കുന്ന മാസങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയും നടക്കുന്നുണ്ട്.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന കിറ്റില്‍ മുന്‍പ് നല്‍കിയിരുന്ന ഇനങ്ങള്‍ തന്നെയാണ് ഇപ്പോഴും ഇടം പിടിച്ചിരിക്കുന്നത്. ചെറുപയര്‍ (അരക്കിലോ), തുവരപ്പരിപ്പ് (കാല്‍ കിലോ), പഞ്ചസാര (ഒരു കിലോ), തേയില (നൂറ് ഗ്രാം), മുളക് പൊടി അല്ലെങ്കില്‍ മുളക് (നൂറ് ഗ്രാം), കടുക് അല്ലെങ്കില്‍ ഉലുവ (നൂറ് ഗ്രാം), വെളിച്ചെണ്ണ (അരക്കിലോ), ഉപ്പ് (ഒരു കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങള്‍.

Exit mobile version