കെഎസ്ആര്‍ടിസി അഴിമതി: എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെഎം ശ്രീകുമാറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: അഴിമതി ആരോപണം നേരിട്ട കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെഎം ശ്രീകുമാറിനെ സ്ഥലം മാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായാണ് ശ്രീകുമാറിന് സ്ഥലംമാറ്റം.

നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.

ശ്രീകുമാര്‍ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജു പ്രഭാകര്‍ രംഗത്തുവന്നിരുന്നു. 2012-2015 കാലത്ത് കെഎം ശ്രീകുമാര്‍ അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടി രൂപ കാണാതായെന്ന ഗുരുതരായ ആരോപണമാണ് ബിജു പ്രഭാകര്‍ ഉന്നയിച്ചത്. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്‌ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ ഉപരോധിച്ചു. അതിനിടെ, എംഡിയെ തള്ളി എളമരം കരീം അടക്കം രംഗത്തുവന്നു. ബിജു പ്രഭാകറിന്റെ പരസ്യപ്രസ്താവന അനുചിതമാണെന്നും അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും എളമരം കരീം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ നിയമാനുസൃതം നടപടി സ്വീകരിക്കേണ്ടത് മാനേജ്മെന്റാണ്. പത്രസമ്മേളനം നടത്തിയല്ല അത് പറയേണ്ടതെന്നും എളമരം കരീം കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version