വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയുടെ കൊലപാതകത്തിന് പിന്നില്‍ ബിരുദ വിദ്യാര്‍ഥിയുടെ ആഢംബരമോഹം. സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ തിരുവല്ലം സ്വദേശി അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഴുപത്തിരണ്ടുകാരിയായ ജാന്‍ ബീവിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് അലക്‌സ് പൊലീസീനോട് സമ്മതിച്ചു. പ്രതി നിരന്തരം സന്ദര്‍ശിച്ചിരുന്ന ടൂട്ടോറിയല്‍ കോളജില്‍ നിന്ന് സ്വര്‍ണവും, സ്വര്‍ണം വിറ്റ പണവും കണ്ടെടുത്തു.

ജാന്‍ ബീവിയുടെ സഹായിയുടെ ബന്ധുവാണ് കൊലപാതം നടത്തിയ അലക്സ്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വൃദ്ധയെ കൊലപ്പെടുത്തി മോഷണം നടത്തിയത്.

അലക്സ് വയോധികയുടെ വീട്ടിലെത്തിയത് കവര്‍ച്ച ലക്ഷ്യമിട്ടാണ്. കവര്‍ച്ചാ ശ്രമം എതിര്‍ത്ത ജാന്‍ ബീവിയുടെ തല ചുവരില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച ജാന്‍ബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്സ്.

ജാന്‍ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്‌സ്. ജാന്‍ബീവിയുടെ കൊലപാതകം നടന്ന ദിവസം രാവിലെ സഹായിയായ സ്ത്രീ ഈ വീട്ടില്‍ വന്നുപോയിരുന്നു. ഇവരുടെ മകന്‍ ജോലിക്കായും പോയി. ഈ സമയത്ത് ജാന്‍ബീവി വീട്ടില്‍ തനിച്ചാകുമെന്ന ഉറപ്പാക്കിയാണ് അലക്‌സ് എത്തിയത്. മകന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഒറ്റയ്ക്കാകുന്ന വയോധികയ്ക്ക് സഹായത്തിനാണ് അയല്‍വാസിയായ സ്ത്രീയെ ജോലിക്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണം സംഘം വീട്ടില്‍ പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വണ്ടിത്തടം പാലപ്പൂര് റോഡില്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ജാന്‍ ബീവിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണ്ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയിരുന്നു.

Exit mobile version