ആശങ്കയായി പക്ഷിപ്പനി: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതീവ ജാഗ്രത നിര്‍ദേശം

bird flu kerala news

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പിന്നാലെ ആശങ്കാജനകമായി പടരുന്ന പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.

രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലുമാണ് രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. താറാവുകള്‍ ചത്തുവീണതിനെത്തുടര്‍ന്ന് അവയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.

പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫല്‍വന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍ 1.

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ ബുദ്ധിമുട്ടാണ്.

Exit mobile version