സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നയാള്‍ക്കും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 8 പേര്‍ , ഇടുക്കി 5 പേര്‍, കൊല്ലം രണ്ട് പേര്‍, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 286 ആയി. 256 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

165934 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 165291 പേര്‍ വീടുകളിലും, 643 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 145 പേരെയാണ്.

8456 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതില്‍ 7622 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികള്‍ ആണ്. 7 പേര്‍ വിദേശികളുമാണ്. സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത് 76 പേരിലാണ്. 28 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി .അതെസമയം ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത് എത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version