മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? വീട്ടില്‍ തന്നെയുണ്ട് പരിഹാര മാര്‍ഗങ്ങള്‍

മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി പല വഴികളും പയറ്റി മടുത്തവര്‍ ധാരാളമുണ്ട്. വിവിധ കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും മുടി കൊഴിച്ചിലുണ്ടാകുന്നത്. ഈ കാരണത്തിനാണ് യഥാര്‍ത്ഥത്തില്‍ ആദ്യം ചികിത്സ വേണ്ടത്. ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥയിലുള്ള മാറ്റം, മാനസിക സമ്മര്‍ദ്ദങ്ങള്‍, പോഷകാഹാരക്കുറവ്, ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

എന്നാല്‍ പ്രകൃതിദത്തമായ രീതികളിലൂടെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതില്‍ നമുക്ക് ആശങ്കകള്‍ വേണ്ട. മറ്റ് സൈഡ് എഫക്ടുകള്‍ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഏതാനും ചില മാര്‍ഗങ്ങളിതാ…

തൈരും ചെറുനാരങ്ങയും

ചെറുനാരങ്ങ, നമുക്കെല്ലാവര്‍ക്കുമറിയാവുന്നത് പോലെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണിത്. മുടിയുടെ ആരോഗ്യത്തിനും ചെറുനാരങ്ങ ഉത്തമം തന്നെ. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി കൊഴിയുന്നത് തടയാന്‍ ഇത് സഹായകമാകും.

തൈരും ഉലുവയും

അരക്കപ്പ് തൈരില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ അരച്ച് ചേര്‍ക്കുക. അല്‍പം കട്ടിയായ ഈ മിശ്രിതം ഒരു ബ്രഷുപയോഗിച്ച് മുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാമ്പൂ ഉപയോഗിക്കാം. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി5 എന്നിവയാല്‍ സമ്പുഷ്ടമാണ് ഉലുവ. ഇത് മുടിക്കും അത്യന്തം ആവശ്യമായ ഘടകങ്ങളാണ്.

തൈരും നെല്ലിക്കയും

നെല്ലിക്കയും മുടിയുടെ ആരോഗ്യ കാര്യത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.

Exit mobile version