അറുപത് പിന്നിട്ട ഹിന്ദു സന്യാസികള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍; വോട്ട് പിടിക്കാന്‍ പുതിയ തന്ത്രവുമായി യോഗി ആദിത്യനാഥ്

നേരത്തെ അഗതികളായവര്‍ക്ക് 400 രൂപ പെന്‍ഷനാണ് യുപി സര്‍ക്കാര്‍ നല്‍കി വന്നിരുന്നത്

ലഖ്‌നൗ: ഹിന്ദു വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ചോര്‍ന്ന് പോകാതിരിക്കാന്‍ പുതിയ തന്ത്രവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ സന്യാസിമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് യോഗി പ്രഖ്യാപിച്ചു. പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

കുംഭമേളയുടെ ഭാഗമായി ലക്ഷക്കണത്തിന് സന്യാസികളാണ് പ്രയാഗ്‌രാജില്‍ എത്തിയിരിക്കുന്നത്. അറുപത് വയസ് പിന്നിട്ട ഹിന്ദു സന്യാസികള്‍ക്കാണ് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനുവരി 30വരെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സന്യാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ അഗതികളായവര്‍ക്ക് 400 രൂപ പെന്‍ഷനാണ് യുപി സര്‍ക്കാര്‍ നല്‍കി വന്നിരുന്നത്. ഇത് 500 ആക്കി ഉയര്‍ത്തുകയാണെന്നും സന്യാസികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.

അതേ സമയം യോഗിയുടെ ഈ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. യോഗി ഹിന്ദു പ്രീണനത്തിനായാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയെന്നാണ് ആക്ഷേപം. യോഗി സര്‍ക്കാര്‍ ഇനി രാമന്റെയും സീതയുടെയും എന്തിന് രാവണന്റെ പോലും വേഷം ചെയ്ത കലാകാരന്മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാണ് അഖിലേഷ് യാദവ് പരിഹസിച്ചുകൊണ്ട് പറഞ്ഞത്.

Exit mobile version