കോവിഡിന് മുമ്പ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ : ഇതില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും

Wuhan market | Bignewslive

ബെയ്ജിങ് : കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന 2019 വരെ രണ്ടരവര്‍ഷത്തോളം വുഹാനിലെ മാര്‍ക്കറ്റുകള്‍ വിറ്റഴിച്ചത് 47000 വന്യമൃഗങ്ങളെയെന്ന് ശാസ്ത്രീയപഠനം. 2017മെയ്-2019 നവംബര്‍ കാലയളവിനിടെ 38 ഇനങ്ങളില്‍പ്പെട്ട 47381 വന്യമൃഗങ്ങള്‍ മാംസച്ചന്തകളില്‍ വിറ്റഴിക്കപ്പെട്ടതായാണ് പഠനം പറയുന്നത്.

ചൈന ഉള്‍പ്പടെ വിവധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. വിറ്റഴിച്ച മൃഗങ്ങളില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും ഉണ്ട്. ചൈന,ബ്രിട്ടന്‍,കാനഡ എന്നിവിടങ്ങളിലെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനറിപ്പോര്‍ട്ടില്‍ വവ്വാലുകളെയോ ഉറുമ്പ് തീനികളെയോ കച്ചവടം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മിങ്ക്, അണ്ണാന്‍, കുറുക്കന്‍ എന്നിവ ലഭ്യമായിരുന്നു. മോശം ആരോഗ്യസ്ഥിതിയിലുള്ള മൃഗങ്ങളെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൂട്ടിലടച്ച് വിറ്റതിനാല്‍ ഇവ ഭക്ഷിച്ച ആളുകളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് ഇത്തരം മാര്‍ക്കറ്റുകള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും നിരോധനവും നിലവില്‍ വന്നു.എന്നാലിപ്പോഴും മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വന്യമൃഗങ്ങളുടെ വില്‍പന മാര്‍ക്കറ്റുകളില്‍ നടക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ വേരുകള്‍ വുഹാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇവിടെ സുലഭമായി നടക്കുന്ന വന്യമൃഗങ്ങളുടെ വില്‍പന.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ യുനാനിലെ ഗുഹകളില്‍ കാണപ്പെട്ട് വരുന്ന ഒരു വിഭാഗം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉദ്ഭവം എന്നും അതല്ല വുഹാനിലെ ബയോ ലാബില്‍ നിന്നാണെന്നും രണ്ട് വാദങ്ങളാണുള്ളത്. വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തില്‍ ഇപ്പോള്‍ പഠനം നടക്കുകയാണ്.

Exit mobile version