കൊവിഡിന്റെ ഉറവിടം തെരുവുനായകളും ആവാം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ടൊറന്റോ: ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊവിഡ് 19 ന്റെ ഉറവിടം തെരുവു നായകൾ ആവാൻ സാധ്യതയുണ്ടെന്ന പഠനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞർ. കാനഡയിലെ ഷുഹുവാ യൂണിവേഴ്‌സിറ്റിയാണ് കൊവിഡിന്റെ വാഹകർ തെരുവു നായകൾ ആയേക്കാമെന്ന സാധ്യത പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ, പട്ടികളും പൂച്ചകളും പോലുള്ള മൃഗങ്ങൾ വഴി കൊവിഡ് പകരുമെന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്നാണ് എയിംസിലെ സെന്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. ചന്ദ്രകാന്ത് പാണ്ഡവ് നേരത്തെ പ്രതികരിച്ചിരുന്നത്.

ചൈനയിൽ വവ്വാലോ ഈനാംപേച്ചിയോ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തിയെതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വവ്വാലാണ് രോഗം മനുഷ്യരിലെത്തിച്ചത് എങ്കിൽ അത് ഈനാം പേച്ചി, പാമ്പ് എന്നിവയിൽ നിന്നുമാകാം കൊവിഡ് വവ്വാലുകളിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

മറ്റൊരു പഠനത്തിൽ പറയുന്നത് കൊറോണ വൈറസ് വവ്വാലുകളിൽ നിന്നും മനുഷ്യശരീരത്തിൽ പടരുന്നത് വളരെ അപൂർവ്വമായ സംഭവമാണെന്നാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ആണ് ഈ പഠനറിപ്പോർട്ട് പങ്കുവെച്ചിരിക്കുന്നത്. കൊവിഡ്19 നു കാരണമാവുന്ന സാർസ് കോവ്-2 വൈറസ് പരിവർത്തനപ്രവർത്തനം നടന്നതാണെന്ന ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തവും ഐസിഎംആർ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളമുൾപ്പെടുന്ന നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഐസിഎംആറിന്റെ പ്രതികരണം.

വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ഗവേഷണത്തിൽ നിന്നും മനസ്സിലാവുന്നത് ഈ വൈറസ് പരിവർത്തനം സംഭവിച്ച് മനുഷ്യശരീരത്തിൽ രോഗവ്യാപനം നടത്താനുള്ള കഴിവ് നേടിയെന്നോ അല്ലെങ്കിൽ വൈറസ് ഈനാംപേച്ചിയിലേക്ക് പടരുകയും ഇതിലൂടെ മനുഷ്യശരീരത്തിലെത്തുകയും ചെയ്തു എന്നുമാണ്.

പകർച്ചവ്യാധികളെ പറ്റി നടത്തിയ പഠനത്തിൽ വൈറസുകൾ വവ്വാലുകളിൽ കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു. ഇതുപ്രകാരം രണ്ടു വവ്വാലിനങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവ മനുഷ്യരിലേക്ക് പടരാൻ പ്രാപ്തമല്ല. വൈറസ് വവ്വാലുകളിൽ നിന്നും മനുഷ്യശരീരത്തിൽ വ്യാപിക്കുന്ന സംഭവം 1000 വർഷത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കാനിടയുള്ളൂവെന്നും അത് അപൂർവ്വമാണെന്നും ഐസിഎംആർലെ ശാസ്ത്രജ്ഞൻ ആർ ഗംഗേദ്കർ പറഞ്ഞു.

Exit mobile version