ആ വൈറല്‍ പാനീയം ദേ ഇങ്ങനാണ്! ഫുല്‍ജാര്‍ സോഡ ഇനി വീട്ടിലുണ്ടാക്കാം!

ഏഴോളം ചേരുവകള്‍ കൃത്യമായ അളവില്‍ ചേരുമ്പോഴാണ് ഫുല്‍ജാര്‍ സോഡ ഉടലെടുക്കുന്നത്.

ഈ നോമ്പ് കാലത്ത് വൈറലായിരിക്കുകയാണ് വ്യത്യസ്തനായ എരിവും പുളിയും കലര്‍ന്ന ഫുല്‍ജാര്‍ സോഡ. ഫുല്‍ജാര്‍ സോഡ കുടിക്കുന്നതും ഉണ്ടാക്കുന്നതുമൊക്കെ ഒരു ചലഞ്ചായി തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാളികള്‍ക്കിടയിലേക്ക് പെട്ടെന്ന് തന്നെ കടന്നുകയറിയ ഈ മസാല ലൈം സോഡ വെറും ഉപ്പും മുളകും മാത്രമല്ല. നാരങ്ങ, ഇഞ്ചി, പഞ്ചസാരപ്പാനി തുടങ്ങിയ ഏഴോളം ചേരുവകള്‍ കൃത്യമായ അളവില്‍ ചേരുമ്പോഴാണ് ഫുല്‍ജാര്‍ സോഡ ഉടലെടുക്കുന്നത്.

ഒരു ചെറിയ ഗ്ലാസിലെ മസാലക്കൂട്ടും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസ് സോഡയുമാണ് ഫുല്‍ജാറിനെ വ്യത്യസ്തമാക്കുന്നത്. ചെറിയ ഗ്ലാസില്‍ തയാറാക്കിയ രുചി മിശ്രിതം വലിയഗ്ലാസിലെ സോഡയിലേക്ക് ചേര്‍ക്കുമ്പോള്‍ പതഞ്ഞുപൊങ്ങിവരുന്നത് കാണാം. ഈ നിമിഷം പാഴാക്കാതെ അങ്ങനെ തന്നെ എടുത്ത് വായിലേക്ക് ഒഴിച്ചാല്‍ പ്രതീക്ഷിക്കുന്ന കിടിലന്‍ രുചി ലഭിക്കും. 15 രൂപ മുതല്‍ 30 രൂപ വരെയാണ് കടകളില്‍ ഫുല്‍ജാര്‍ സോഡയ്ക്ക് വിലയീടാക്കുന്നത്. അതേസമയം, സോഡയുണ്ടെങ്കില്‍ വീട്ടിലെ ചേരുവകള്‍ തന്നെ ഉപയോഗിച്ച് ഈ പാനീയം വീട്ടില്‍ തയ്യാറാക്കാം.

മസാലക്കൂട്ട് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകളില്‍ ഒരു ചെറുനാരങ്ങയും ഒപ്പം, ഇഞ്ചി, കാന്താരി മുളക്, ഉപ്പ്, കസ്‌കസ്, പുതിനയില, പഞ്ചസാരപ്പാനി തുടങ്ങിയവയുമാണ് ചേര്‍ക്കേണ്ടത്. ചേരുവകള്‍ രുചിയനുസരിച്ചും ആവശ്യാനുസരണവും മാത്രം ചേര്‍ക്കുക.

തയ്യാറാക്കുന്നവിധം: ചെറിയ ഗ്ലാസില്‍ രണ്ട് കഷണം നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം കസ്‌കസ് ചേര്‍ക്കുക. അതിലേക്ക് പഞ്ചസാരപ്പാനി രുചിയനുസരിച്ച് ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് പെട്ടെന്ന് താഴ്ത്തുക. പതഞ്ഞുപൊങ്ങിവരുന്ന ഫുല്‍ജാര്‍ സോഡ ഇതോടെ നിങ്ങള്‍ക്ക് മുന്നില്‍ റെഡി. പുതിനയില രുചി ഇഷ്ടമുള്ളവര്‍ ചേര്‍ത്താല്‍ മതിയാകും.

Exit mobile version