ചിക്കന്‍ ബിരിയാണി പ്രിയര്‍ക്ക് ഇതാ സ്വാദിഷ്ടമായ ചിക്കന്‍ കീമ ബിരിയണി..! വേഗം ഉണ്ടാക്കിക്കോളൂ…

ഭക്ഷണപ്രിയര്‍ക്ക് കൂടുതല്‍ താത്പര്യമുള്ള വിഭവമാണ് ബിരിയാണി. അതും ചിക്കന്‍ ബിരിയാണി. ചിക്കന്‍ കൊണ്ട് തന്നെ ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? ചിക്കന്‍ കീമ ബിരിയണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ചിക്കന്‍ കീമ – അരകിലോ
സവാള – നാല് എണ്ണം
ബിരിയാണി അരി – രണ്ട് കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍
തക്കാളി – രണ്ട് എണ്ണം
പച്ചമുളക് ചതച്ചത് – നാല് എണ്ണം
കുരുമുളക്‌പൊടി – അര ടീസ്പൂണ്‍
ഗരംമസാല പൗഡര്‍ – മുക്കാല്‍ ടീസ്പൂണ്‍
മല്ലിയില, പുതിനയില – ആവശ്യത്തിന്
നെയ്യ് – മൂന്ന് ടേബിള്‍സ്പൂണ്‍
വനസ്പതി – രണ്ട് ടേബിള്‍സ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പൂ, പട്ട – രണ്ട് വീതം
ബിരിയാണി കളര്‍ കുറച്ച്
ലൈംജ്യൂസ് – രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വനസ്പതി ചൂടാക്കി, ഒരു സവാളയുടെ പകുതി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, ഓരോ ടീസ്പൂണ്‍ വീതം മല്ലിയില, പുതിനയില യഥാക്രമം വഴറ്റി അരി ചേര്‍ത്ത് ഇളക്കുക. മൂന്ന് കപ്പ് ചൂടുവെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ച് ഒരു വിസില്‍ വന്ന ശേഷം ഓഫാക്കുക. മറ്റൊരു പാത്രം ചൂടാക്കി, വനസ്പതി ചേര്‍ക്കുക, സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ചിക്കന്‍ കീമ, കുരുമുളക്‌പൊടി, അരടീസ്പൂണ്‍ ഗരംമസാല പൗഡര്‍, ഉപ്പ്, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കുക.

വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കണം. ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ലൈംജ്യൂസ് ചേര്‍ത്തിളക്കുക. വേവിച്ച ചോറില്‍ ബാക്കി ഗരംമസാല പൗഡര്‍, കുറച്ച് മല്ലിയില, പുതിനയില, ലൈംജ്യൂസില്‍ കലക്കിയ ബിരിയാണി കളര്‍ എന്നിവ ചേര്‍ത്തിളക്കുക. നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തില്‍ പകുതി കീമ മസാല നിരത്തുക. ചോറ് പകുതി ചേര്‍ക്കുക. വീണ്ടും കീമ മസാല, വീണ്ടും ചോറ് എന്നിങ്ങനെ നിരത്തുക. ഓരോ ലെയറും അമര്‍ത്തണം. ആവി കയറ്റിയോ മൈക്രോവേവ് ഓവ്‌നില്‍ 35 മിനുട്ട് വരെ ഹൈപ്പവറില്‍ വെച്ചോ ദം ചെയ്‌തെടുക്കുക.

Exit mobile version