സ്‌പെഷ്യല്‍ ഇഡ്ഡലി ചില്ലി ഒന്ന് പരീക്ഷിച്ചാലോ….

ഇഡ്ഡലി, പുട്ട്, ദോശ ഇതൊക്കെയാണ് മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍. എന്നാല്‍ ഈ വിഭവങ്ങളില്‍ തന്നെ വ്യത്യസ്തത കണ്ടെത്താനും നാം ശ്രമിക്കാറുണ്ട്. ദോശയിലും പുട്ടിലുമൊക്കെ ചിക്കന്‍, ബീഫ് തുടങ്ങിയ വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഫ്യൂഷന്‍ ചെയ്യാറുണ്ട്.
ഇവിടെ ഇതാ ഇഡ്ഡലി കൊണ്ട് ഒരു കിടിലന്‍ ചില്ലിയുണ്ടാക്കുന്ന വിദിയയാണ് പരിചയപ്പെടുത്തുന്നത്. ഇഡ്ഡലി ചില്ലി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ഇഡ്ഡലി – 5 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
സവാള – 2 എണ്ണം
കാപ്‌സിക്കം – ഒന്ന്
സോയാ സോസ് – 2.5 ടീസ്പൂണ്‍
ടൊമാറ്റോ സോസ് – 2.5 ടീസ്പൂണ്‍
ചില്ലി സോസ് – ഒന്നര ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍ – അരക്കപ്പ്
അരിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്,എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരിപ്പൊടി, കോണ്‍ഫ്‌ലവര്‍, മുളകുപൊടി, ഉപ്പ്, സോയാ സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേര്‍ത്ത് കട്ടിയില്‍ മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് മാറ്റിവെക്കുക. ഇതിലേക്ക് ചെറുതായി മുറിച്ച ഇഡ്ഡലി കഷണങ്ങള്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക. ഇഡ്ഡലി പകുതി ഫ്രൈ ആയാല്‍ എടുക്കാവുന്നതാണ്. ഇഡ്ഡലി എടുത്തശേഷം ചൂടായ എണ്ണയിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ശേഷം പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഇളക്കുക. മൂത്ത മണം വരുമ്പോള്‍ ചെറുതായി അരിഞ്ഞ കാപ്‌സികം ചേര്‍ക്കുക. ഇതിലേക്ക് ചില്ലി സോസ്, സോയാ സോസ്, ടൊമാറ്റോ സോസ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് ഒന്നു തിളച്ചു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇഡ്ഡലി ഇട്ട് അഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക.

Exit mobile version