ഒരു കിലോ ചായപ്പൊടിക്ക് ഒരു ലക്ഷം രൂപ : മനോഹരി ചായപ്പൊടി വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്

ഗുവാഹത്തി : ഒരു കപ്പ് ചായയ്ക്ക് വേണ്ടി ഹിമാലയം വരെ പോകാനും മടിക്കാത്തവരാണ് ഇന്ത്യക്കാര്‍. ഈ ഇഷ്ടം കൊണ്ട് തന്നെയാവണം ഏറ്റവുമധികം വെറൈറ്റി ചായ ലഭിക്കുന്ന സ്ഥലവും ഇന്ത്യയാണ്. പല സന്ദര്‍ഭങ്ങളിലായി ചായയെ സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും നമ്മെ തേടിയെത്താറുണ്ട്. ഇതുപോലെ അടുത്തിടെ വിറ്റ് പോയ ഒരു ചായയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ട്വിറ്ററിലാകെ സംസാരം.

മനോഹരി ഗോള്‍ഡ് ടീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ചായപ്പൊടി കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍ നിന്ന് സൗരവ് ട്രേഡേഴ്‌സ് ആണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്. ഇതാദ്യമായാണ് ഒരു ചായപ്പൊടിക്ക് ഇത്രയധികം ലേലത്തുക ലഭിക്കുന്നത് എന്നാണ് വിവരം.

Also read : പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചു : ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം

“ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തതിനാല്‍ അത്രയധികം ശ്രദ്ധയോടെയാണ് ചായപ്പൊടിയുടെ ഓരോ ഘട്ടത്തിലെയും നിര്‍മാണം.” നോര്‍ത്ത് ഈസ്‌റ്റേണ്‍ ടീ അസോസിയേഷന്‍ അഡൈ്വസര്‍ ബിദ്യാനന്ദ ബര്‍ക്കാകോട്ടി പറഞ്ഞു.

എല്ലാവര്‍ഷവും പത്ത് കിലോഗ്രാം മനോഹരി ചായയാണുണ്ടാക്കുന്നത്. അസമിലെ മണ്ണും കാലാവസ്ഥയും ചായയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു എന്നാണ് ഉത്പാദകരുടെ വാദം.

Exit mobile version