‘പ്രണയം മനസില്‍ ഉണ്ടെങ്കിലേ ആ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കൂ, അതേ ഞാന്‍ പ്രണയത്തിലാണ്’; വെളിപ്പെടുത്തി ഷെയ്ന്‍ നിഗം

പ്രണയം മനസില്‍ ഉണ്ടായിരുന്നതിനാലാണ് നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചതെന്നും ഷെയ്ന്‍ വ്യക്തമാക്കി.

‘ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്’ പ്രണയ നായകനായ ഷെയ്ന്‍ നിഗത്തിന്റെ വാക്കുകളാണിത്. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് തുടങ്ങിയ ചിത്രത്തിലൂടെ പ്രണയത്തിന്റെ തീവ്രത കാണിച്ചു നല്‍കുവാന്‍ ഷെയ്‌നിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ സിനിമയില്‍ എല്ലാം വേഷമിടുമ്പോള്‍ പ്രണയം ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. പ്രണയം മനസില്‍ ഉണ്ടായിരുന്നതിനാലാണ് നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചതെന്നും ഷെയ്ന്‍ വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്. എന്നാല്‍ പ്രണയം ആരുമായാണെന്ന കാര്യം ഷെയ്ന്‍ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിനും ഷെയ്‌നിന് മറുപടി ഉണ്ടായിരുന്നു. ‘കിസ്മത്തിലെ ഇര്‍ഫാനെ എനിക്കിഷ്ടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയില്‍ ഇര്‍ഫാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സിനിമയില്‍ എനിക്കു നല്ലൊരു എക്സ്പീരിയന്‍സ് തന്ന കഥാപാത്രമാണത്.

കുമ്പളങ്ങി നൈറ്റ്സിലെ ബോബി ‘പൊളിമാനാ’ണ്. വളരെ ഉത്സാഹഭരിതനായ, സദാ ഉഷാറായ ഒരാളാണ് ബോബി. സൈറ ബാനുവിലെ ജോഷ്വയും അതുപോലെ തന്നെ. ഇര്‍ഫാന്റെയും ബോബിയുടെയും ജോഷ്വയുടെയും മൂന്നിലൊന്നെടുത്ത് കൂട്ടിവെച്ചാല്‍ ഷെയ്നായി’ താരം കൂട്ടിച്ചേര്‍ത്തു. ഇഷ്‌ക്ക് ചിത്രത്തെ കുറിച്ചും താരത്തിന് പറയാന്‍ ചിലതുണ്ടായിരുന്നു.

‘എങ്ങനെ പ്രതികരിക്കുമെന്നു ആര്‍ക്കും പിടികിട്ടാത്ത ഒരാളായിരുന്നു ഇഷ്‌ക്കിലെ സച്ചി. സമൂഹ പ്രധാനമായ വിഷയം പ്രമേയമായതിനാല്‍ ഇഷ്‌ക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. രാത്രി ചിത്രീകരിച്ചതിനാല്‍ ഉറക്കക്ഷീണം നല്ലതുപോലയുണ്ടായിരുന്നെന്നും പല രംഗങ്ങളിലും അത് വ്യക്തമായിരുന്നെന്നും ചിത്രത്തിന് മുഖത്തെ ക്ഷീണമെല്ലാം ആവശ്യമായിരുന്നതിനാല്‍ സിനിമയില്‍ അത് ഉപകാരപ്പെട്ടു’ ഷെയ്ന്‍ പറയുന്നു.

Exit mobile version