രാജിവെച്ച നടിമാരെ അംഗത്വ ഫീസ് വാങ്ങാതെ തിരിച്ചെടുക്കണമെന്ന നിലപാട് എടുത്തത് മമ്മൂട്ടി; കൈയ്യടിച്ച് അംഗീകരിച്ച് അംഗങ്ങള്‍

വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

താരസംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ മോഡിയില്‍ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെന്ന നിലപാട് സ്വീകരിച്ചത് നടന്‍ മമ്മൂട്ടി. അംഗത്വ ഫീസ് ഇല്ലാതെ വേണം തിരിച്ചെടുക്കാനെന്നായിരുന്നു താരം ആവശ്യപ്പെട്ടത്. ഇത് കേട്ട ഉടനെ അംഗങ്ങള്‍ നിറകൈയ്യടികളോടെ അംഗീകരിക്കുകയും ചെയ്തു. രാജി വെച്ച അംഗങ്ങള്‍ക്ക് ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഫീസ് ഇല്ലാതെ തിരിച്ചെടുക്കണമെന്ന ആവശ്യം മമ്മൂട്ടി പങ്കുവെച്ചത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എക്‌സിക്യൂട്ടീവ് കൈകൊള്ളും. വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഭരണഘടനാ ഭേദഗതിയില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുന്നില്ലെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സാഹചര്യം വന്നതോടെയാണ് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്നു പേര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയും രാജിവെച്ചിരുന്നു. റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജി വെച്ച അംഗങ്ങള്‍. രാജി വെച്ച അംഗങ്ങള്‍ക്ക് തിരികെ വരാന്‍ നടപടിക്രമങ്ങളുണ്ടെന്നും എന്നാല്‍ അവര്‍ അപേക്ഷ നല്‍കിയാല്‍ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

Exit mobile version