നടന്‍ കൃഷ്ണകുമാറിന്റെ പേരില്‍ വര്‍ഗീയ പോസ്റ്റ് പ്രചരിച്ചവര്‍ കുടുങ്ങും: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

കോഴിക്കോട്: തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വര്‍ഗീയ സ്പര്‍ധുണ്ടാക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി നടന്‍ കൃഷ്ണകുമാര്‍ രംഗത്ത്. സംഭവത്തില്‍ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

‘ഒരു ഹിന്ദു ആയ എന്റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍ഡിഎഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അതു തെറ്റാണ്, മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ’ എന്ന കുറിപ്പോടെ കൃഷ്ണകുമാറിന്റെ ചിത്രവുമുള്ള പോസ്റ്റാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.

ഇതിനെതിരെയാണ് കൃഷ്ണകുമാറിപ്പോള്‍ നിയമനടപടിക്കൊരുങ്ങുന്നത്. അത്തരത്തിലൊരു വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെ സംസാരിക്കുന്ന ആളല്ല താനെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഞാന്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാര്‍ട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതെന്നും മനോരമ ന്യൂസ് ഡോട്കോമിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

പലരോടും ചോദിച്ചാണ് എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഒക്കെ പേരില്‍ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാല്‍ അത് വ്യാജമാണോ യഥാര്‍ത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാല്‍ എന്നെപ്പോലെയുള്ള നടീനടന്‍മാരുടെ അവസ്ഥ അതല്ല. ആളുകള്‍ ചിലപ്പോള്‍ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്കുണ്ടായ ഈ ആക്രമണം പുറത്തുനിന്നല്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇന്‍ഡസ്ട്രിക്ക് അകത്തുനിന്നു എന്നെ അറിയാവുന്ന ആരെങ്കിലും തന്നെയാണെന്നാണ് കരുതുന്നത്. സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാനുള്ള മനപൂര്‍വമായ ശ്രമമാണിത്. അറിയപ്പെടുന്നവരുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്താല്‍ അവര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

മകളുടെ (അഹാന) മൂന്ന് സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. അത്തരത്തിലുള്ള സംശയങ്ങളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version