മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയെന്നും മറ്റു കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി . അവതരണത്തിലായാലും പ്രമേയത്തിലായാലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.

ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയെന്നും മറ്റു കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍
കുറിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ മുതല്‍ മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ല. എങ്കിലും ചില കാര്യങ്ങളില്‍ ഈ സിനിമ വേറിട്ട് നില്‍ക്കുന്നുണ്ടാകാം. വലിപ്പത്തിലും എണ്ണത്തിലും ഇത്രയേറെ സെറ്റുകള്‍, യുദ്ധരംഗങ്ങളിള്‍ ഉപയോഗിച്ച മെഷീനുകള്‍, ക്രെയ്‌ന്, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങള്‍,ചിത്രീകരിച്ച രീതി മുതലായവയെല്ലാം വ്യത്യസ്തത പുലര്‍ത്തുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തു പറഞ്ഞാലും കാണികള്‍ക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്, പല ചേരുവകളിലും ഇതു സാധ്യമാണ്. വെറുമൊരു പ്രൊഡ്യൂസര്‍ ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ പാഷനോടു കൂടിയാണ് എന്റെ യാത്രയെന്നും അദേഹം കുറിച്ചു.

മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. തിരുനാവായയില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്.

Exit mobile version